കേരളത്തിൽ തുടർഭരണം നഷ്ടപ്പെട്ട പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പുതിയ വീട്ടിലേക്ക് താമസം മാറുന്നു. തിരുവനന്തപുരം ബേക്കറി ജങ്ഷന് സമീപമാണ് താമസം മാറാനായി പുതിയ വാടക വീട് എടുത്തിരിക്കുന്നത്. ദില്ലിയിൽ നടന്ന സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹം എകെജി സെന്ററിൽ നിന്നും എം.വി. ഗോവിന്ദന്റെ വാഹനത്തിലാണ് യാത്ര ചെയ്തത്. വീടുമാറ്റത്തെക്കുറിച്ചും രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെങ്കിലും സംസാരിക്കാൻ അദ്ദേഹം തയ്യാറായില്ല. നിലവിൽ കോൺഗ്രസ് മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ നീണ്ടുപോകുന്നതിനാൽ കാവൽ മുഖ്യമന്ത്രിയായി തുടരുകയാണ് അദ്ദേഹം. നേരത്തെ ക്ലിഫ് ഹൗസിൽ നിന്നും ചിന്ത ഫ്ലാറ്റിലേക്ക് മാറിയിരുന്നെങ്കിലും ഇപ്പോൾ വീണ്ടും പുതിയ വാടക വീട് തിരഞ്ഞെടുക്കുകയായിരുന്നു.
അതേസമയം, കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ പിണറായി വിജയന് പൂർണ്ണ പിന്തുണയുമായി സിപിഎം കേന്ദ്ര നേതൃത്വം രംഗത്തെത്തി. തോൽവിയുടെ ധാർമ്മിക ഉത്തരവാദിത്തം പിണറായി വിജയൻ മാത്രം ഏറ്റെടുക്കേണ്ടതില്ലെന്നും ഇത് പാർട്ടിയുടെ കൂട്ടുത്തരവാദിത്തമാണെന്നും പിബി യോഗത്തിന് ശേഷം ജനറൽ സെക്രട്ടറി എം.എ. ബേബി മാധ്യമങ്ങളോട് പറഞ്ഞു. തോൽവിയിൽ ഒരാളെ മാത്രം പ്രതിക്കൂട്ടിലാക്കുന്ന രീതി പാർട്ടിക്കില്ല. ആവശ്യമായ തെറ്റ് തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും നേതൃമാറ്റം സംബന്ധിച്ച കാര്യങ്ങൾ ആ സമയത്ത് തീരുമാനിക്കുമെന്നും ബേബി വ്യക്തമാക്കി. എന്നാൽ, പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന കാര്യത്തിൽ പാർട്ടി ഇതുവരെ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല
