ദില്ലി: ചോദ്യപ്പേപ്പർ ക്രമക്കേട് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഈ വർഷത്തെ നീറ്റ് യുജി (NEET UG) മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കി. മെയ് 3-ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതായി അന്വേഷണ ഏജൻസികൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (NTA) ഈ നിർണ്ണായക തീരുമാനം. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസ്യത വീണ്ടെടുക്കുന്നതിനായി എത്രയും വേഗം പുനഃപരീക്ഷ നടത്തുമെന്ന് സർക്കാർ അറിയിച്ചു.പുനഃപരീക്ഷയ്ക്കായുള്ള വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. വിദ്യാർത്ഥികൾക്ക് പുതിയ ഹാൾടിക്കറ്റുകൾ ഉടൻ ലഭ്യമാക്കുമെന്നും എന്നാൽ ഒരിക്കൽ പരീക്ഷയെഴുതിയവർ വീണ്ടും രജിസ്ട്രേഷൻ നടത്തുകയോ ഫീസ് അടയ്ക്കുകയോ ചെയ്യേണ്ടതില്ലെന്നും എൻടിഎ വ്യക്തമാക്കി. പരീക്ഷാ നടപടികളിൽ വ്യാപകമായ കൃത്രിമം നടന്നതായാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
സംഭവത്തിൽ സമഗ്രമായ അന്വേഷണം ഉറപ്പാക്കാൻ കേസ് സിബിഐക്ക് വിട്ടിട്ടുണ്ട്. അന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് പരീക്ഷ റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചത്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സുതാര്യമായ രീതിയിൽ പരീക്ഷ വീണ്ടും നടത്താനാണ് സർക്കാരിന്റെ നീക്കം.
