തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി. ഡി. സതീശനും കാബിനറ്റിലെ മറ്റ് മന്ത്രിമാരും ഈ ചടങ്ങിൽ പങ്കെടുത്തു. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെ ജി. സുധാകരനായിരിക്കും സഭയെ നിയന്ത്രിക്കുന്നത്. പ്രോട്ടേം സ്പീക്കറുടെ നേതൃത്വത്തിലാണ് മറ്റ് എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുക. നാളെയാണ് സഭയിലെ ബാക്കി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത്.
പതിനാറാം നിയമസഭയിലെ ആദ്യ അംഗമായാണ് ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തത്. തനിക്ക് മുന്നിൽ പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുമോ എന്ന തരത്തിൽ നടക്കുന്ന ചർച്ചകളിൽ താൽപ്പര്യമില്ലെന്ന് സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് നേരിട്ട കനത്ത പരാജയത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്ന് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദനും ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
