തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി. സതീശൻ്റെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരം-കാസർകോട് സിൽവർ ലൈൻ പദ്ധതി ഔദ്യോഗികമായി റദ്ദാക്കിയതായി പ്രഖ്യാപിച്ചു. പദ്ധതി അപ്രായോഗികമാണെന്ന യു.ഡി.എഫ് സബ് കമ്മിറ്റിയുടെ വിശദമായ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. സിൽവർ ലൈനുമായി ബന്ധപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ച എല്ലാ വിജ്ഞാപനങ്ങളും ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനവും സർക്കാർ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദ്ദേശം നൽകിയതായും, പദ്ധതിക്കെതിരായ സമരങ്ങളിൽ പങ്കെടുത്തവർക്കെതിരെയുള്ള പോലീസ് കേസുകൾ പിൻവലിക്കാൻ ശുപാർശ സമർപ്പിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സിൽവർ ലൈൻ പദ്ധതിക്ക് പകരമായി സ്പീഡ് കൊറിഡോർ, അതിവേഗ ഇടനാഴി എന്നിവ സർക്കാരിൻ്റെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനൊപ്പം സംസ്ഥാനത്തിൻ്റെ വികസനത്തിനായി ‘വിഷൻ 2031’ പദ്ധതി നടപ്പിലാക്കും. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള 100 ദിവസത്തെ കർമ്മ പദ്ധതിയുടെ ലിസ്റ്റ് ഉടൻ തയ്യാറാക്കുമെന്നും, പദ്മ പുരസ്കാരങ്ങൾക്കായി അർഹരായവരെ ശുപാർശ ചെയ്യുന്നതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമേകുന്ന ഒരു പ്രധാന പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ മന്ത്രിസഭ തീരുമാനിച്ചു. 2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളുടെ കാലാവധിയാണ് നവംബർ 30 വരെ നീട്ടി നൽകുക. കൂടാതെ, യു.ഡി.എഫിൻ്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനായി വിവിധ വകുപ്പുകൾക്ക് അവ വിഭജിച്ച് നൽകിയതായും മുഖ്യമന്ത്രി വി. ഡി. സതീശൻ അറിയിച്ചു.
