പിണറായി സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളം മാർച്ചിൽ മാത്രം 4.62 കോടി; 11 പേർക്ക് 2 ലക്ഷത്തിലേറെ

തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി വിജയൻ സർക്കാരിന്റെ പേഴ്സണൽ സ്റ്റാഫ് ശമ്പളമായി മാർച്ച് മാസത്തിൽ മാത്രം ചെലവിട്ടത് 4.62 കോടി രൂപ. ആകെ 523 പേഴ്സണൽ സ്റ്റാഫുള്ളതിൽ 11 പേർ പ്രതിമാസം രണ്ട് ലക്ഷത്തിലേറെ രൂപയാണ് ശമ്പളമായി വാങ്ങുന്നത്. കാസർകോട് സ്വദേശി എ.എസ്. മുഹമ്മദ് അഷ്റഫിന് പൊതുഭരണ വകുപ്പിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ കണക്കുകളുള്ളത്. മാർച്ചിൽ കൃത്യമായി 4,62,30,922 രൂപയാണ് സ്റ്റാഫുകളുടെ ശമ്പളത്തിനായി സർക്കാർ വിനിയോഗിച്ചത്.​

പ്രതിമാസം 6,033 രൂപ കൈപ്പറ്റിയിരുന്ന കുക്ക് മുതൽ 2,47,625 രൂപ വാങ്ങിയിരുന്ന പ്രൈവറ്റ് സെക്രട്ടറി വരെ ശമ്പളം വാങ്ങുന്നവരുടെ പട്ടികയിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിലെ സീനിയർ ലീഗൽ കൗൺസൽ, വൈദ്യുതി, സഹകരണ, ജലവിഭവ മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർ, 6 അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ എന്നിവരാണ് രണ്ട് ലക്ഷത്തിലേറെ രൂപ ശമ്പളം വാങ്ങുന്ന 11 പ്രമുഖർ.​

വിവിധ ഓഫിസുകളിലെ ചെലവ് പരിശോധിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസിലെ പേഴ്സണൽ സ്റ്റാഫിനായി 27,24,015 രൂപയും പ്രതിപക്ഷ നേതാവിന്റെ ഓഫിസിൽ 25,60,653 രൂപയുമാണ് ചെലവഴിച്ചത്. മന്ത്രിമാരുടെ ഓഫിസുകളിൽ 3,89,01,459 രൂപയും ചീഫ് വിപ്പിന്റെ ഓഫിസിൽ 20,44,795 രൂപയും മാർച്ചിൽ ശമ്പള ഇനത്തിൽ നൽകി. കൂടാതെ, പേഴ്സണൽ സ്റ്റാഫിൽ നിന്നും വിരമിക്കുന്നവർക്ക് നിലവിൽ ലഭിക്കുന്ന കുറഞ്ഞ പെൻഷൻ തുക 3,350 രൂപയും ഉയർന്ന തുക 83,400 രൂപയുമാണ്.