തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയിലെ പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഇന്ന് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ചടങ്ങിൽ പ്രോ ടെം സ്പീക്കറായ ജി. സുധാകരനാണ് പുതിയ നിയമസഭാംഗങ്ങൾക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നത്. അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതനുസരിച്ച് ആദ്യം ഫിഷറീസ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂറും ഏറ്റവും ഒടുവിലായി സേവ്യർ ചിറ്റിലപ്പള്ളിയും സത്യവാചകം ചൊല്ലി അധികാരമേൽക്കും.
ഈ ക്രമത്തിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ 105-ാമതായും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ 133-ാമതുമായാണ് സത്യപ്രതിജ്ഞ ചെയ്യുക. അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂർത്തിയായ ശേഷം, പുതിയ സ്പീക്കറെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നാളെ നടക്കും. തുടർന്ന് മെയ് 29-നാണ് പുതിയ സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം നിശ്ചയിച്ചിരിക്കുന്നത്.
