തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ കേരള നിയമസഭയുടെ 25-ാമത് സ്പീക്കറായി തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിൽ വിജയിച്ച അദ്ദേഹത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്നാണ് സ്പീക്കർ കസേരയിലേക്ക് ആനയിച്ചിരുത്തിയത്. സ്പീക്കർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ തിരുവഞ്ചൂരിന് 101 വോട്ടുകൾ ലഭിച്ചപ്പോൾ, എൽഡിഎഫ് സ്ഥാനാർത്ഥിയായ എ.സി. മൊയ്തീന് 35 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥിയായ ബി.ബി. ഗോപകുമാറിന് 3 വോട്ടുകൾ ലഭിച്ചു. കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് സ്പീക്കർ തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സ്ഥാനാർത്ഥിയെ നിർത്തി മത്സരിക്കുന്നത്.
അൻപത് വർഷത്തിലധികം നീണ്ട സജീവ രാഷ്ട്രീയ പ്രവർത്തനത്തിന്റെയും മൂന്നര പതിറ്റാണ്ടിലേറെയുള്ള പാർലമെന്ററി അനുഭവങ്ങളുടെയും കരുത്തിലാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പുതിയ പദവിയിലേക്ക് എത്തുന്നത്. മുൻ ആഭ്യന്തര മന്ത്രി കൂടിയായ അദ്ദേഹത്തിന്റെ നിലപാടുകളിലെ കാർക്കശ്യവും ഇടപെടലുകളിലെ ലാളിത്യവുമാണ് രാഷ്ട്രീയ രംഗത്ത് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ജനകീയനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇത്തവണ കോട്ടയത്ത് നിന്ന് നിയമസഭയിലേക്ക് ജയിച്ചുകയറിയത്, എതിർ സ്ഥാനാർത്ഥിക്ക് ആകെ ലഭിച്ച വോട്ടുകളേക്കാൾ വലിയ ഭൂരിപക്ഷത്തിലാണ്.
