തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ആക്ഷേപഹാസ്യ കൂട്ടായ്മയുടെ സ്ഥാപകൻ അഭിജിത് ദീപ്കേയ്ക്ക് നേരെ വധഭീഷണി. തന്റെ പ്രവർത്തനം അവസാനിപ്പിക്കുകയും സമൂഹമാധ്യമ അക്കൗണ്ടുകൾ പൂട്ടുകയും ചെയ്തില്ലെങ്കിൽ വകവരുത്തുമെന്ന തരത്തിൽ ലഭിച്ച ഭീഷണി സന്ദേശങ്ങൾ അഭിജിത് തന്നെയാണ് പുറത്തുവിട്ടത്. പാർട്ടി രൂപീകരണത്തിന് ശേഷം ഫോണിലൂടെയും അക്കൗണ്ടുകളിലൂടെയും നിരന്തരം ഭീഷണികൾ വരുന്നുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, തനിക്ക് ലഭിച്ച ഒരു വീഡിയോ സന്ദേശവും എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
“കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ടുകൾ പൂട്ടുക, പകരം നിങ്ങൾക്ക് പണം ലഭിക്കും; ബിജെപിയിൽ ചേരുക, അല്ലാത്തപക്ഷം അമേരിക്കയിൽ വെച്ച് കൊല്ലപ്പെടും” എന്നതായിരുന്നു അഭിജിത്തിന് ലഭിച്ച ഒരു പ്രധാന ഭീഷണി സന്ദേശം. മധ്യപ്രദേശ് സ്വദേശിയായ അഭിജിത് നിലവിൽ അമേരിക്കയിലെ ബോസ്റ്റൺ സർവകലാശാലയിലെ വിദ്യാർത്ഥിയാണ്. മകന് നേരെയുള്ള വധഭീഷണികളും പുതിയ നീക്കങ്ങളും അവനെ വലിയ അപകടത്തിലോ അറസ്റ്റിലോ എത്തിക്കുമെന്ന ആശങ്കയിലാണ് മാതാപിതാക്കളായ ഭഗവാനും അനിത ദീപ്കേയും. ഈ സംഭവങ്ങൾക്ക് ശേഷം തങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടതായി ഇവർ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിൽ പ്രവർത്തിക്കുന്ന ആക്ഷേപഹാസ്യ അക്കൗണ്ടുകൾ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്ന് രഹസ്യാന്വേഷണ വിഭാഗം (IB) കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള വിദേശ ഇടപെടലുകൾ ഈ അക്കൗണ്ടുകൾക്ക് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നാണ് ഐബിയുടെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയിൽ വിലക്കുകയും ചെയ്തു. അരാജകത്വം സൃഷ്ടിച്ച് രാജ്യത്തെ ജനാധിപത്യത്തെ തകർക്കാൻ അനുവദിക്കില്ലെന്നാണ് ഈ വിഷയത്തിൽ ബിജെപി പ്രതികരിച്ചത്.
