​ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ്; രാഘവ് ഛദ്ദയും എംപിമാരും ബിജെപിയിലേക്ക്; കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനം

ദില്ലി: ആം ആദ്മി പാർട്ടിയിൽ വൻ പിളർപ്പ് പ്രഖ്യാപിച്ചുകൊണ്ട് മുതിർന്ന നേതാവും രാജ്യസഭാ എംപിയുമായ രാഘവ് ഛദ്ദ പാർട്ടി വിട്ട് ബിജെപിയിൽ ചേരുന്നതായി അറിയിച്ചു. സഞ്ജയ് സിംഗ് ഒഴികെയുള്ള എഎപിയിലെ മറ്റ് രാജ്യസഭാ എംപിമാരും പാർട്ടി വിടുകയാണെന്ന് വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. അശോക മിത്തൽ, സന്ദീപ് പഥക്ക് എന്നിവരും പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. അരവിന്ദ് കെജ്‌രിവാളിന് നന്ദി പറഞ്ഞ രാഘവ് ഛദ്ദ, എന്നാൽ പാർട്ടി ഇപ്പോൾ അഴിമതി രഹിതവും സത്യസന്ധവുമായ രാഷ്ട്രീയത്തിൽ നിന്ന് അകന്നുപോയതായി രൂക്ഷമായി വിമർശിച്ചു.

​തന്റെ ജീവിതത്തിലെ 15 വർഷം പാർട്ടിക്കായി സമർപ്പിച്ചുവെന്നും എന്നാൽ എഎപി ഇപ്പോൾ തെറ്റായ പാതയിലാണെന്നും അദ്ദേഹം ആരോപിച്ചു. “തെറ്റായ പാർട്ടിയിലെ ശരിയായ ആളായിരുന്നു താൻ” എന്ന് വിശേഷിപ്പിച്ച ഛദ്ദ, ജനങ്ങളുമായി കൂടുതൽ അടുക്കുന്നതിനായി പാർട്ടി വിടുകയാണെന്നും അവകാശപ്പെട്ടു. ഹർഭജൻ സിംഗ്, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും ബിജെപിയിൽ ചേരുമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചു.​

ബിജെപിയിൽ ചേരുന്നതോടെ രാഘവ് ഛദ്ദയ്ക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്ന സൂചനകളും ഇതിനോടകം പുറത്തുവരുന്നുണ്ട്. കൂടുതൽ എംപിമാർ വരും ദിവസങ്ങളിൽ പാർട്ടി വിടുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഡൽഹി ഭരണത്തിന് വലിയ ആഘാതം സൃഷ്ടിക്കുന്നതാണ് എഎപിയിലെ ഈ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾ.