ദില്ലി: ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഉഗാണ്ടയിൽ നിന്ന് ബെംഗളൂരുവിലെ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 28-കാരിയായ യുവതിയുടെ എബോള പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് മന്ത്രാലയം അറിയിച്ചു. നേരിയ ശരീരവേദനയൊഴിച്ചാൽ ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളോ രോഗലക്ഷണങ്ങളോ ഉണ്ടായിരുന്നില്ല. എങ്കിലും, സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സാമ്പിളുകൾ ശേഖരിച്ച ശേഷം ഇവരെ ഇന്ദിര നഗറിലെ എപ്പിഡെമിക് ഡിസീസസ് ഹോസ്പിറ്റലിൽ ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു.
നിലവിലെ പ്രോട്ടോക്കോൾ അനുസരിച്ച് 48 മണിക്കൂറിന് ശേഷം യുവതിയുടെ സാമ്പിളുകൾ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ബെംഗളൂരു ജില്ലാ സർജനും മെഡിക്കൽ സുപ്രണ്ടുമായ അനിൽ കുമാർ ബനഗർ അറിയിച്ചു. രണ്ടാം ഘട്ട പരിശോധനയ്ക്ക് ശേഷം മാത്രമേ ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ എന്നും, ഇതിനായി മേലുദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ എബോള രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ രാജ്യാന്തര തലത്തിലെ സ്ഥിതിഗതികൾ കേന്ദ്ര സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ലോകാരോഗ്യ സംഘടനയുടെ (WHO) മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ആവശ്യമായ എല്ലാ പൊതുജനാരോഗ്യ പ്രോട്ടോക്കോളുകളും സർക്കാർ പാലിക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വിവിധ സംസ്ഥാന അധികാരികളുമായി ഏകോപിപ്പിച്ച് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതിനാൽ പൊതുജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എബോളയുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്ര സർക്കാർ കർശന നിർദേശം നൽകി.
