കൊച്ചി: അളവിൽ കവിഞ്ഞ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ അറസ്റ്റിലായി. വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് അനധികൃത മദ്യശേഖരം കണ്ടെടുത്തതിനെ തുടർന്നാണ് എക്സൈസിന്റെ ഈ നടപടി. എക്സൈസ് എസി ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെ ഓഫീസിലെത്തിയാണ് ആന്റോയെ അറസ്റ്റ് ചെയ്തത്. തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആന്റോ മാത്രമാണ് കേസിലെ പ്രതിയെന്നും അദ്ദേഹത്തെ വയനാട്ടിലെത്തിച്ച് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും എക്സൈസ് എസി വ്യക്തമാക്കി.
അബ്കാരി ആക്ടിലെ 55എ, 55ഐ, 58 എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് എക്സൈസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ നിയമവിരുദ്ധമായ മദ്യകടത്തിനും കൈവശം വെച്ചതിനുമുള്ള 55എ വകുപ്പ് പ്രകാരം 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം. അനധികൃത മദ്യവിൽപ്പനയ്ക്കോ വിൽപ്പന ലക്ഷ്യമിട്ട് സൂക്ഷിക്കുന്നതിനോ എതിരെയാണ് 55ഐ ചുമത്തിയിരിക്കുന്നത്. നികുതി വെട്ടിച്ച് മദ്യം കൈവശം വെച്ചതിനാണ് 58-ാം വകുപ്പ് ചേർത്തിരിക്കുന്നത്.
അറസ്റ്റ് വേളയിൽ കൊച്ചിയിലെ ഓഫീസിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. എഫ്.ഐ.ആറിന്റെ ഹാർഡ് കോപ്പി കാണിക്കാതെ അറസ്റ്റിന് വഴങ്ങില്ലെന്ന് ആന്റോ അഗസ്റ്റിൻ നിലപാടെടുത്തു. ഡിജിറ്റൽ കോപ്പി കാണിച്ചെങ്കിലും ഹാർഡ് കോപ്പിക്കായി വാശിപിടിച്ചതിനെ തുടർന്ന് പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ് കുമാർ നേരിട്ടെത്തി എഫ്.ഐ.ആർ കോപ്പി കൈമാറിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
