പിണറായി വിജയന്റെ വീട്ടിൽ ഇഡി റെയ്ഡ്: തിരുവനന്തപുരത്ത് സി.പി.എം നേതാക്കളുടെ കുത്തിയിരുപ്പ് പ്രതിഷേധം

തിരുവനന്തപുരം: എക്സാലോജിക്-സിഎംആർഎൽ സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെ വ്യാപക പരിശോധന. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകൾ ഉൾപ്പെടെ കേരളത്തിലും ബെംഗളൂരുവിലുമായി പത്തിടങ്ങളിലാണ് ഇഡി ഒരേസമയം റെയ്ഡ് നടത്തുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിൽ പിണറായി വിജയൻ ഉള്ളപ്പോഴാണ് ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി എത്തിയത്. ഇതിന് പുറമെ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും, സിഎംആർഎൽ എം.ഡി ശശിധരൻ കർത്തയുടെ വസതിയിലും ഇഡി പരിശോധന നടത്തുന്നുണ്ട്.

​ബെംഗളൂരുവിൽ എക്സാലോജിക് ഓഫീസിലും ചില ജീവനക്കാരുടെ വീടുകളിലുമടക്കം ആറിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിലെ ഇഡി നടപടിയിൽ പ്രതിഷേധിച്ച് മുതിർന്ന സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്തെ വാടക വീടിന് മുന്നിൽ കുത്തിയിരുപ്പ് സമരം ആരംഭിച്ചു. മുൻ മന്ത്രി വി. ശിവൻകുട്ടി, കെ.കെ. ജയചന്ദ്രൻ, വി. ജോയ് എം.എൽ.എ, ആനാവൂർ നാഗപ്പൻ എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. എം.വി. ജയരാജൻ, പി. ജയരാജൻ, കെ.കെ. രാഗേഷ് തുടങ്ങിയ പ്രമുഖ നേതാക്കളും ഈ പ്രതിഷേധത്തിൽ പങ്കുചേരുന്നുണ്ട്.​

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും എതിരെ ശക്തമായ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സി.പി.എമ്മിനെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കുന്ന ‘മോദി – മേനോൻ വിഡി – ഇ ഡി വേട്ട സിപിഎമ്മിനോട് വേണ്ട’ എന്നെഴുതിയ ബാനറും ഉയർത്തിപ്പിടിച്ചാണ് പാർട്ടി പ്രവർത്തകരും നേതാക്കളും പിണറായി വിജയന്റെ വീടിന് മുന്നിൽ പ്രതിഷേധിക്കുന്നത്.