കോഴിക്കോട്: സർക്കാർ ശമ്പളം പറ്റി നിയമം ലംഘിച്ച് സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഇരുനൂറോളം ഡോക്ടർമാർ കോഴിക്കോട് വിജിലൻസ് യൂണിറ്റിന്റെ നിരീക്ഷണത്തിൽ. സ്വകാര്യ പ്രാക്ടീസ് പൂർണ്ണമായി തടയുന്നതിനായി സർക്കാർ ഇവർക്ക് ‘നോൺ പ്രാക്ടീസിങ് അലവൻസ്’ നൽകുന്നുണ്ട്. എന്നാൽ, ഈ തുക കൈപ്പറ്റിയ ശേഷം വീണ്ടും സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരാണ് ഇപ്പോൾ വിജിലൻസിന്റെ വലയിലായിരിക്കുന്നത്. ഡോക്ടർമാരുടെ ഇത്തരം നിയമവിരുദ്ധ നടപടികൾ സംസ്ഥാന ആരോഗ്യമേഖലയ്ക്ക് തന്നെ വലിയ നാണക്കേടാണെന്നാണ് സർക്കാർ വിലയിരുത്തൽ.
കഴിഞ്ഞ ദിവസം ഇത്തരത്തിൽ നിയമലംഘനം നടത്തിയ സർക്കാർ ഡോക്ടർ ഡോ. ശിവപ്രസാദ് വിജിലൻസ് പിടിയിലായിരുന്നു. മാനന്തവാടി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കാർഡിയാക് തൊറാസിക് സർജറി വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഇദ്ദേഹം, കോട്ടക്കൽ ആസ്റ്റർ മിംസ് സ്വകാര്യ ആശുപത്രിയിലും ഒരേസമയം ജോലി ചെയ്തുവരികയായിരുന്നു. സർക്കാർ മെഡിക്കൽ കോളേജിൽ നിന്ന് മാസം മൂന്ന് ലക്ഷം രൂപയോളം ശമ്പളം പറ്റിയിരുന്ന ശിവപ്രസാദ്, കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് മാത്രം പ്രതിമാസം ഏഴ് ലക്ഷത്തോളം രൂപയാണ് പ്രതിഫലമായി വാങ്ങിയിരുന്നതെന്ന് വിജിലൻസ് കണ്ടെത്തി.
ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഡോ. ശിവപ്രസാദിനെതിരെ വിജിലൻസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് ഉടൻ തന്നെ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കും. സംസ്ഥാനത്ത് സമാനമായ രീതിയിൽ ഇനിയും നിരവധി ഡോക്ടർമാർ തട്ടിപ്പ് തുടരുന്നുണ്ടെന്നാണ് വിജിലൻസിന് ലഭിച്ച രഹസ്യവിവരം. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരാനാണ് അധികൃതരുടെ തീരുമാനം.
