പിണറായി സർക്കാർ സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിനെയും എൻ. പ്രശാന്തിനെയും തിരിച്ചെടുത്ത് വി.ഡി. സതീശൻ സർക്കാർ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സസ്പെൻഷനിലായിരുന്ന മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ. ബി. അശോകിനെയും എൻ. പ്രശാന്തിനെയും സർവീസിലേക്ക് തിരിച്ചെടുത്ത് വി.ഡി. സതീശൻ സർക്കാർ. സർക്കാർ നയങ്ങളെയും ഉന്നത ഉദ്യോഗസ്ഥരുടെ തെറ്റായ നടപടികളെയും പരസ്യമായി വിമർശിക്കാൻ മടി കാണിക്കാത്ത ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥരാണ് ഇരുവരും. ഇടതുപക്ഷ സർക്കാരിന്റെ കടുത്ത വിമർശകരായ ഇവരെ തിരിച്ചെടുത്ത നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.​

ഇടതുപക്ഷ സർക്കാരിനെ മാധ്യമങ്ങളിലൂടെ വിമർശിച്ചതിന്റെ പേരിലായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് മുതിർന്ന ഉദ്യോഗസ്ഥനായ ഡോ. ബി. അശോക് സസ്പെൻഷനിലായത്. തുടർഭരണം ഫാസിസത്തിലേക്ക് നയിക്കുമെന്ന അദ്ദേഹത്തിന്റെ പരസ്യമായ വിലയിരുത്തൽ പിണറായി സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് തൊട്ടുമുമ്പ് സർക്കാർ അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുത്തത്.

​’ബ്രോ പ്രശാന്ത്’ എന്ന പേരിൽ ജനപ്രിയനായ എൻ. പ്രശാന്ത് കഴിഞ്ഞ രണ്ടു വർഷമായി സർവീസിന് പുറത്തായിരുന്നു. തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഒൻപത് തവണയാണ് അദ്ദേഹം സസ്പെൻഷൻ നടപടികൾ നേരിട്ടത്. പിണറായി സർക്കാരിന്റെ കണ്ണിലെ കരടായിരുന്ന ഈ രണ്ട് പ്രമുഖ ഉദ്യോഗസ്ഥരെയും പുതിയ സർക്കാർ സർവീസിലേക്ക് തിരികെ പ്രവേശിപ്പിച്ചതോടെ ഭരണതലത്തിൽ പുതിയ മാറ്റങ്ങൾക്കാണ് തുടക്കമായിരിക്കുന്നത്.