ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനും മുൻ ഐപിഎസ് ഓഫീസറുമായ കെ. അണ്ണാമലൈ ബിജെപിയിൽ നിന്നും രാജിവെച്ച് പുതിയ രാഷ്ട്രീയ നീക്കം ആരംഭിച്ചതായും, ഇതിന് വലിയ ജനപിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ‘വി ദ് ലീഡേഴ്സ്’ (We the Leaders) എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ പ്രസ്ഥാനത്തിന് തുടക്കത്തിൽ തന്നെ ലക്ഷക്കണക്കിന് അനുയായികളെയാണ് ലഭിച്ചിരിക്കുന്നത്. ബിജെപിയിൽ നിന്ന് രാജിവെച്ച് വെറും എട്ട് മണിക്കൂറുകൾക്കകം എട്ട് ലക്ഷത്തിലധികം സന്നദ്ധപ്രവർത്തകർ ഈ സംഘടനയിൽ അംഗങ്ങളായതായാണ് വിവരം. ‘വി ദ ലീഡേഴ്സ്’ എന്ന ഓൺലൈൻ ലിങ്ക് വഴി ആരംഭിച്ച വളണ്ടിയർ രജിസ്ട്രേഷനിലൂടെ 8,68,676 പേർ ഇതിനോടകം ഈ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമായിക്കഴിഞ്ഞു. നിരവധി ബിജെപി പ്രവർത്തകരും തങ്ങളുടെ പാർട്ടി ബന്ധം ഉപേക്ഷിച്ച് അണ്ണാമലൈയ്ക്കൊപ്പം ചേർന്നിട്ടുണ്ട്.
സാധാരണക്കാരന്റെ രാഷ്ട്രീയം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് അണ്ണാമലൈ തന്റെ പുതിയ രാഷ്ട്രീയ യാത്രയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. കോയമ്പത്തൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘എപിജെ അബ്ദുൾ കലാം സെന്റർ ഫോർ എത്തിക്സ് ആൻഡ് പൊളിറ്റിക്സ്’ എന്ന സ്ഥാപനം ‘വി ദ് ലീഡേഴ്സ്’ പ്രസ്ഥാനത്തിന് കീഴിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
2020-ൽ ഐപിഎസ് ജോലി രാജിവെച്ചാണ് അണ്ണാമലൈ ബിജെപിയിൽ ചേർന്നത്. എന്നാൽ കഴിഞ്ഞ 18 മാസമായി അദ്ദേഹം ബിജെപി നേതൃത്വവുമായി കടുത്ത അഭിപ്രായഭിന്നതയിലായിരുന്നു. തനിക്ക് ഇന്ത്യക്കാരനോ തമിഴനോ എന്ന ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും, എന്നാൽ ഇന്ന് മുതൽ പുതിയൊരു വഴിയാണെന്നുമാണ് രാജിക്ക് ശേഷം അണ്ണാമലൈ വ്യക്തമാക്കിയത്. തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് നീങ്ങുന്ന അദ്ദേഹം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പുതിയ പാർട്ടി വളർത്തിയെടുക്കാൻ തനിക്ക് സമയം ആവശ്യമുണ്ടെന്നും കൂട്ടിച്ചേർത്തു.
