ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ചുകാലമായി ചെന്നൈയിലെ വസതിയിൽ വിശ്രമത്തിലായിരുന്നു അദ്ദേഹം. മകൻ മനോജിന്റെ വിയോഗത്തെത്തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതൽ മോശമാവുകയായിരുന്നു.
1977-ൽ പുറത്തിറങ്ങിയ ‘പതിനാറ് വയതിനിലെ’ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. തുടർന്ന് കിഴക്കേ പോകുമെയിൽ, സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസിക്കുകളായി മാറിയ നിരവധി ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു. 2020-ൽ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാദൈ’ എന്ന സിനിമയാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്.
ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനകൾ മുൻനിർത്തി രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. ആറ് തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. സംവിധാനത്തിന് പുറമെ അഭിനയത്തിലും സജീവമായിരുന്ന അദ്ദേഹം, മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘തുടരും’ എന്ന ചിത്രത്തിൽ സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലും എത്തിയിരുന്നു.
