തിരുവനന്തപുരം: സംസ്ഥാന സർവേ വകുപ്പിൽ നിന്ന് മൂവായിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനം. കരാർ ജീവനക്കാർ നാളെ മുതൽ ജോലിക്ക് ഹാജരാകേണ്ടതില്ലെന്നാണ് സർവേ ഡയറക്ടറുടെ നിർദേശം. നാല് മാസത്തെ ശമ്പളം കുടിശികയായി തുടരുന്നതിനിടെയാണ് മുന്നറിയിപ്പില്ലാതെ ജീവനക്കാരെ കൂട്ടത്തോടെ ഒഴിവാക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഡിജിറ്റൽ റീസർവേ പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാകുമെന്നാണ് വിലയിരുത്തൽ. സർവേ വകുപ്പിലെ കരാർ ജീവനക്കാരുടെ സേവനം അവസാനിപ്പിക്കണമെന്ന നിർദേശം ഇന്നലെയാണ് പുറത്തുവന്നത്. വകുപ്പ് സർവേയർമാരെ ഫീൽഡ് ജോലികളിൽ സഹായിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ജീവനക്കാരെ മാത്രം നിലനിർത്തി ബാക്കിയുള്ളവരെ ഒഴിവാക്കാനാണ് നിർദേശം. സംസ്ഥാനത്തെ ഡിജിറ്റൽ റീസർവേ പ്രവർത്തനങ്ങൾക്കായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ച 4,000 കരാർ ജീവനക്കാരിൽ ഏകദേശം 3,000 പേർക്കാണ് ജോലി നഷ്ടമാകുന്നത്.
സർവേ വകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ; മൂവായിരത്തോളം കരാർ ജീവനക്കാർക്ക് ജോലി നഷ്ടമാകും
