തൃശ്ശൂരിൽ അർധരാത്രിയിൽ വൻ അപകടം; തമിഴ്‌നാട് സ്വദേശികളായ 8 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

തൃശ്ശൂരിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് കാർ ഇടിച്ചുകയറി എട്ട് വിദ്യാർഥികൾ മരിച്ചു. തമിഴ്‌നാട് ദിണ്ടിഗലിലെ പി.എസ്.എൻ.എ എഞ്ചിനീയറിങ് കോളേജിൽ നിന്ന് വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. കൈപമംഗലം പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച രാത്രി 11:42ഓടെയായിരുന്നു അപകടം. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), പ്രസന്ന (മധുര), യുവസഞ്ജിത് (20, ദിണ്ടിഗൽ) എന്നിവരടക്കമുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാറിലുണ്ടായിരുന്ന ഏഴുപേർ സംഭവസ്ഥലത്തുവച്ചും ഒരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ് മരിച്ചത്.ഗുരുവായൂർ ഭാഗത്തുനിന്ന് കൊടുങ്ങല്ലൂരിലേക്ക് അമിതവേഗത്തിൽ സഞ്ചരിച്ച തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള സെവൻ സീറ്റർ കാർ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമാണം നടക്കുന്ന പ്രദേശത്ത് നിർത്തിയിട്ടിരുന്ന മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറിയുടെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ വലിയ ശബ്ദം കേട്ട് ലോറിയിൽ ഉറങ്ങിക്കിടന്നിരുന്ന ഡ്രൈവറും നാട്ടുകാരും വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നതിനാൽ വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. റോഡരികിൽ അശാസ്ത്രീയമായി നിർത്തിയിട്ടിരുന്ന മൂന്ന് ലോറികളിലൊന്നിലേക്കാണ് കാർ ഇടിച്ചുകയറിയത്. ഈ പ്രദേശത്ത് അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.