ചെന്നൈ: തമിഴ്നാട്ടിൽ വൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി. ജോസഫ് വിജയ്. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്ക് ഒരു വർഷം മൂന്ന് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. ‘അന്നപൂർണി സൂപ്പർ സിക്സ്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി 2027ലെ പൊങ്കൽ മുതൽ നടപ്പാക്കാനാണ് തീരുമാനം.
ഏകദേശം 1.30 കോടി കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. മൂന്ന് എൽപിജി സിലിണ്ടറുകൾ വാങ്ങുന്നതിനാവശ്യമായ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറും. പദ്ധതിക്കായി പ്രതിവർഷം ഏകദേശം 4,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കുകൂട്ടൽ.
പാചകവാതക സിലിണ്ടറുകളുടെ ലഭ്യതക്കുറവും സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബങ്ങൾക്ക് അധികഭാരം സൃഷ്ടിച്ച സാഹചര്യത്തിലാണ് പദ്ധതിയെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ജനങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനുമാണ് സർക്കാർ നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു വർഷം ആറ് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്ന് ടിവികെ വാഗ്ദാനം ചെയ്തിരുന്നു.
ഇതിന് പുറമെ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് സൗജന്യ ബസ് യാത്രയും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സ്ത്രീകൾക്കായി നിലവിലുള്ള ‘വെട്രി പയണ തിട്ടം’ സൗജന്യ യാത്രാ പദ്ധതിയും വിപുലീകരിക്കും. ഇതിന്റെ ഭാഗമായി സ്ത്രീകൾക്ക് എക്സ്പ്രസ്, എൽഎസ്എസ്, ഡീലക്സ് വിഭാഗങ്ങളിലുള്ള ബസുകളിലും സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കും. അന്തർജില്ലാ ബസ് സർവീസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഒക്ടോബർ 2ന് വിപുലീകരിച്ച പദ്ധതി ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം.
അതേസമയം ചെന്നൈയിലെ പരന്ദൂരിൽ നിർമിക്കാൻ തീരുമാനിച്ചിരുന്ന രണ്ടാമത്തെ വിമാനത്താവള പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങളുടെ എതിർപ്പും കൃഷിഭൂമി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പരിഗണിച്ചാണ് തീരുമാനം.
ചെന്നൈയിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള പരന്ദൂരിൽ വിമാനത്താവളം സ്ഥാപിക്കുന്നതിനെതിരെ ദീർഘകാലമായി പ്രതിഷേധം നിലനിന്നിരുന്നു. ജനങ്ങളെ കുടിയൊഴിപ്പിക്കേണ്ട സാഹചര്യം ഒഴിവാക്കുകയും കർഷകരെയും കൃഷിഭൂമിയെയും സംരക്ഷിക്കുകയും ചെയ്യുന്ന മറ്റൊരു സ്ഥലമാണ് പുതിയ വിമാനത്താവളത്തിനായി പരിഗണിക്കുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വിമാനത്താവളത്തിനായി അനുയോജ്യമായ പുതിയ സ്ഥലം വിദഗ്ധസംഘങ്ങൾ വിശദമായി പരിശോധിച്ച ശേഷമായിരിക്കും തീരുമാനിക്കുക. കൂടാതെ നിലവിലുള്ള ചെന്നൈ വിമാനത്താവളത്തിൽ പുതിയ ടെർമിനൽ നിർമിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
