ആലപ്പുഴ: 72 മത് നെഹ്റു ട്രോഫി വള്ളംകളിയിൽ പുന്നമടക്കായലിനെ ആവേശത്തിലാഴ്ത്തി അരോമ ചുണ്ടൻ പുതിയ ജലരാജാവായി കിരീടമണിഞ്ഞു. വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ ഫോട്ടോഫിനിഷിലൂടെയാണ് അരോമ തങ്ങളുടെ കന്നി നെഹ്റു ട്രോഫി കിരീടം സ്വന്തമാക്കിയത്. മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ പ്രമുഖ വള്ളങ്ങളാണ് ഫൈനൽ ലൈനപ്പിൽ ഏറ്റുമുട്ടിയത്. 4:23.328 മിനിറ്റിൽ അരോമ ഫിനിഷ് ചെയ്തപ്പോൾ, തൊട്ടുപിന്നിലെത്തിയ നടുഭാഗം ചുണ്ടൻ 4:23.44 മിനിറ്റിൽ ലക്ഷ്യത്തിലെത്തി രണ്ടാമതായി. നെഹ്റു ട്രോഫി ചരിത്രത്തിൽ പുത്തൻ താരോദയമായി മാറിയിരിക്കുകയാണ് അരോമ ചുണ്ടൻ.
മത്സരത്തിന്റെ പ്രാഥമിക ഹീറ്റ്സുകളിലും കടുത്ത പോരാട്ടമാണ് നടന്നത്. ആദ്യ ഹീറ്റ്സിൽ 4:20 മിനിറ്റിൽ വീയപുരവും, രണ്ടാം ഹീറ്റ്സിൽ 5 മിനിറ്റിൽ കൂടുതൽ സമയമെടുത്ത് ചമ്പക്കുളവും ഒന്നാമതെത്തി. മൂന്നാം ഹീറ്റ്സിൽ 4:17 മിനിറ്റ് സമയത്തിൽ മേൽപ്പാടവും, നാലാം ഹീറ്റ്സിൽ 4:27 മിനിറ്റിൽ അരോമയും ഒന്നാം സ്ഥാനം നേടി. അഞ്ചാം ഹീറ്റ്സിൽ 4:28 മിനിറ്റ് കൊണ്ട് നിരണവും, ആറാം ഹീറ്റ്സിൽ 5 മിനിറ്റിലധികം സമയമെടുത്ത് ആനാരിയും ഒന്നാമതായി ഫിനിഷ് ചെയ്തു.
ഉച്ചയോടെ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ നെഹ്റു ട്രോഫി ജലമേള ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എം.പി എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥാണ് ചടങ്ങിൽ പതാക ഉയർത്തിയത്.
