തിരുവനന്തപുരം: സ്ത്രീ ശാക്തീകരണ പരിപാടികളുമായി സധൈര്യം മുന്നോട്ട് പോകുന്ന യു.ഡി.എഫ് സർക്കാരിന്റെ കരങ്ങൾക്ക് ശക്തിപകരുന്നതിന് ആവശ്യമായ നയപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി കേരള പ്രദേശ് കോൺഗ്രസ്സ് മഹിളാ സേവാദളിന്റെ മൂന്നാം സംസ്ഥാന സമ്മേളനം സംഘടിപ്പിക്കുന്നു. 2026 നവംബർ 3, 4 തീയതികളിൽ തിരുവനന്തപുരത്തുള്ള KPCC ആസ്ഥാനമായ ഇന്ദിരാ ഭവനിൽ വച്ചാണ് സമ്മേളനം നടക്കുന്നത്.
സംസ്ഥാന സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി KPCC ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ചേർന്ന യോഗത്തിൽ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സംഘടനാ ചുമതലയുള്ള KPCC ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലിനെ രക്ഷാധികാരിയായും, KPCC ജനറൽ സെക്രട്ടറി മണക്കാട് സുരേഷിനെ ചെയർമാനായും തിരഞ്ഞെടുത്തു. കേരള പ്രദേശ് കോൺഗ്രസ്സ് മഹിളാ സേവാദൾ സംസ്ഥാന പ്രസിഡന്റ് കെ. ജയകുമാരി ജനറൽ കൺവീനറായും, മഹിളാ സേവാദൾ സംസ്ഥാന സെക്രട്ടറി ജിസ വിജയൻ കൺവീനറായും ചുമതലയേൽക്കും. കൂടാതെ വിവിധ സബ് കമ്മിറ്റികളുടെ കൺവീനർമാരെയും യോഗത്തിൽ തിരഞ്ഞെടുത്തു.
യോഗത്തിൽ കേരള പ്രദേശ് മഹിളാ സേവാദൾ ജില്ലാ പ്രസിഡന്റ് ഫസീല, സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറി സുനിൽജി, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി രജിത്ത് രവീന്ദ്രൻ, മഹിളാ സേവാദൾ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രജിതകുമാരി, ലേഖ, സുധ എന്നിവർ പങ്കെടുത്തു. വട്ടിയൂർക്കാവ് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് രഞ്ജിത്ത്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് എം.ആർ. ഷാനവാസ്, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറിയും യു.ഡി.എഫ് പഞ്ചായത്ത് ചെയർമാനുമായ ആർ.എസ്. വിനോദ് മണി, ഡി.സി.സി അംഗം ചെറുവയ്ക്കൽ പത്മകുമാർ തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു.
