പിഎസ്‌സി പരീക്ഷാ തട്ടിപ്പ്: അഡീഷണൽ സെക്രട്ടറി ആർ. ഹരി അറസ്റ്റിൽ; അന്വേഷണം വ്യാപിപ്പിച്ച് ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന അഡീഷനൽ സെക്രട്ടറി ആർ. ഹരി അറസ്റ്റിലായി. കോയമ്പത്തൂരിലെ ഈശാ യോഗ കേന്ദ്രത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഹരി എറണാകുളത്തെ ബന്ധുവീട്ടിൽ എത്തിയതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് പിടികൂടിയത്. ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണ്ണയച്ചുമതലയുണ്ടായിരുന്ന ഹരിയെ, കേസിൽ പ്രതി ചേർത്തതിന് പിന്നാലെ സസ്പെൻഡ് ചെയ്തിരുന്നു. ഇതേ പരീക്ഷയുടെ മൂല്യനിർണ്ണയ ചുമതലയുണ്ടായിരുന്ന മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.​

പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജുവിന്റെ വലംകൈയായ ഹരിയും ചെയർമാനും ചേർന്നാണ് മറ്റുള്ളവരുമായി കൂടിയാലോചനകളില്ലാതെ പ്രധാന തീരുമാനങ്ങളെല്ലാം എടുത്തിരുന്നതെന്ന് ചില കമ്മീഷൻ അംഗങ്ങൾ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നാളെ ഉച്ചയ്ക്ക് രണ്ടു മണിക്ക് ഹാജരാകാൻ പിഎസ്‌സി സെക്രട്ടറി സാജു ജോർജ്ജിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി.​

കൂടാതെ പരീക്ഷാ കൺട്രോളർ ബിനി കെ. എബ്രഹാമിനോട് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ച മുതൽ പത്ത് പിഎസ്‌സി അംഗങ്ങളോടും ഹാജരാകാൻ നിർദ്ദേശിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. പുതുതായി മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അന്വേഷണ സംഘം വിപുലീകരിച്ചു. രണ്ട് എസ്.പിമാരെയും ഒരു ഡിവൈ.എസ്.പിയെയും ഉൾപ്പെടുത്തിയ പുതിയ സംഘത്തിനാണ് പുതുതായി രജിസ്റ്റർ ചെയ്ത കേസുകളുടെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.