ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര തിരിക്കാനിരുന്ന ധൻബാദ് എക്സ്പ്രസിന്റെ കോച്ചിന് താഴെ മുറിച്ചുമാറ്റപ്പെട്ട നിലയിൽ മനുഷ്യന്റെ കൈ കണ്ടെത്തി. ട്രെയിനിന്റെ എസ്-5 (S5) കോച്ചിന് അടിയിലാണ് അറ്റ നിലയിലുള്ള കൈ കണ്ടെത്തിയത്. ട്രെയിൻ തട്ടി മരിച്ച ആരുടെയെങ്കിലും ശരീരഭാഗമാകാമിതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം രാത്രി ധൻബാദിൽ നിന്നും ആലപ്പുഴയിൽ എത്തിയതായിരുന്നു ഈ ട്രെയിൻ. ഇന്ന് രാവിലെ ട്രെയിൻ തിരികെ പുറപ്പെടാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന ഈ ദൃശ്യം ശ്രദ്ധയിൽപ്പെട്ടത്.
സംഭവത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി എസ്-5 കോച്ച് മാത്രം സ്റ്റേഷനിൽ പിടിച്ചിട്ട ശേഷം ട്രെയിൻ യാത്ര തുടർന്നു. റെയിൽവേ സംരക്ഷണ സേന (RPF) സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധൻബാദ് എക്സ്പ്രസ് കടന്നുപോന്ന പാതയിൽ എവിടെയെങ്കിലും ട്രെയിൻ തട്ടി മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടോ എന്ന കാര്യം റെയിൽവേ അധികൃതർ പരിശോധിച്ചുവരികയാണ്
