തിരുവനന്തപുരം: പാറശ്ശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി. ബിലാസ്പൂർ–തിരുനെൽവേലി എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയെ തുടർന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണത്. അപകടത്തിൽ ട്രെയിൻ എഞ്ചിന്റെ നാല് ചക്രങ്ങൾ പാളം തെറ്റിയെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ട്രാക്കിൽ വീണ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ തുടരുകയാണ്. അപകടത്തെ തുടർന്ന് പരശുറാം എക്സ്പ്രസ് ഉൾപ്പെടെ നിരവധി ട്രെയിനുകൾ വൈകും. താംബരം–തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ ട്രെയിൻ (06163), മധുര–പുനലൂർ എക്സ്പ്രസ് (16729), താംബരം–തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ് (16121) എന്നിവയും പിടിച്ചിട്ടിരിക്കുകയാണ്. ട്രാക്കിലെ തടസ്സം നീക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നതിനാൽ കൂടുതൽ ട്രെയിനുകൾ വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
പാറശ്ശാലയിൽ മണ്ണിടിഞ്ഞ് ട്രെയിൻ എഞ്ചിൻ പാളം തെറ്റി; നിരവധി ട്രെയിനുകൾ വൈകും
