പാലക്കാട്: അട്ടപ്പാടിയിൽ യുവതിയേയും കുഞ്ഞിനേയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശി പ്രാവത് ദാസിനെ പൊലീസ് പിടികൂടി. പാലക്കാട് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പശ്ചിമ ബംഗാളിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട യുവതി തന്റെ ഭാര്യയല്ലെന്നും കഴിഞ്ഞ രണ്ട് മാസത്തെ പരിചയം മാത്രമാണ് ഇരുവരും തമ്മിൽ ഉണ്ടായിരുന്നതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു മാസമായി പ്രതി ഈ സ്ത്രീയ്ക്കൊപ്പമാണ് താമസിച്ചു വന്നിരുന്നത്.
ഭവാനി പുഴയിൽ ചാക്കിൽ കെട്ടിയ നിലയിലായിരുന്നു യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രതി കൊലപാതകം നടത്തിയത് പുഴയിൽ വച്ചുതന്നെയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മുപ്പതുകാരിയായ യുവതിയുടെ തലയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിന് കാരണമായതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
