തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈകിട്ട് 6.30-നും രാത്രി 12.30-നും ഇടയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെ.എസ്.ഇ.ബി മുന്നറിയിപ്പ് നൽകി. മഴ മാറി നിൽക്കുന്നതിനാൽ വർദ്ധിച്ച ചൂടും കണക്കുകൂട്ടലുകൾ തെറ്റിച്ചുള്ള വൈദ്യുതി ആവശ്യകതയുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. കൂടാതെ, ഗ്രിഡിലെ ഫ്രീക്വൻസി കുറഞ്ഞതിനെ തുടർന്ന് സതേൺ റീജിയൻ ലോഡ് ഡെസ്പാച്ച് സെന്റർ ഇടപെട്ടതോടെ ഇന്നലെ ചിലയിടങ്ങളിൽ മൂന്ന് തവണ വരെ വൈദ്യുതി തടസ്സപ്പെട്ടിരുന്നു. കേന്ദ്ര വിഹിതത്തിലെ കുറവും പീക്ക് സമയത്തെ ഹ്രസ്വകാല കരാറുകളുടെ അഭാവവുമാണ് സ്ഥിതി രൂക്ഷമാക്കിയത്.
ഉത്തരേന്ത്യയിലെ മഴ കൽക്കരി ലഭ്യതയെ ബാധിച്ചതോടെ ഉൽപ്പാദനം കുറയുകയും, കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കേന്ദ്രത്തിൽ നിന്നുള്ള വൈദ്യുതി വിഹിതം 42 ദശലക്ഷം യൂണിറ്റിൽ നിന്ന് 37 ദശലക്ഷം യൂണിറ്റായി കുറയുകയും ചെയ്തു. ഇന്നലെ വൈകീട്ട് ഏഴേകാലോടെ ഉയർന്ന ആവശ്യകത 4999 മെഗാവാട്ടിലെത്തുകയും മൊത്തം ഉപയോഗം 93.74 ദശലക്ഷം യൂണിറ്റായി ഉയരുകയും ചെയ്തു. എന്നാൽ, ആഭ്യന്തര ജലവൈദ്യുതി ഉൽപ്പാദനം 24 ദശലക്ഷം യൂണിറ്റ് മാത്രമായതിനാൽ 67 ദശലക്ഷം യൂണിറ്റോളം പുറത്തുനിന്നാണ് എത്തിച്ചത്. മറ്റു തെക്കൻ സംസ്ഥാനങ്ങളിലും ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചുകളിൽ വൈദ്യുതി ലഭ്യമല്ലെന്നതും ഉയർന്ന വിലയും തിരിച്ചടിയായി.
മുൻ ദിവസങ്ങളിൽ മധ്യപ്രദേശിൽ നിന്ന് ലഭിച്ചിരുന്ന കടം വൈദ്യുതി ഇന്നലെ ലഭ്യമായില്ലെന്നു മാത്രമല്ല, പീക്ക് സമയത്തേക്കുള്ള ടെൻഡറുകളോട് വിതരണ കമ്പനികൾ സഹകരിച്ചതുമില്ല. ഭരണമാറ്റം ഉൾപ്പെടെയുള്ള കാരണങ്ങളാൽ സമയബന്ധിതമായ ആസൂത്രണം നടക്കാത്തതും ആവശ്യകതയ്ക്കനുസരിച്ച് പുതിയ ദീർഘകാല കരാറുകൾ ഇല്ലാത്തതും പ്രതിസന്ധി വർദ്ധിപ്പിച്ചു. കൂടാതെ, രാത്രികാലങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് ഉൾപ്പെടെ നിയന്ത്രണമില്ലാതെ നടക്കുന്ന ഉപയോഗവും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയതോടെയാണ് സംസ്ഥാനം ഇരുട്ടിലായത്.
