ബെംഗളൂരു: നീണ്ട കാത്തിരിപ്പുകൾക്ക് ഒടുവിൽ കർണാടക സംസ്ഥാനത്തിന്റെ 25-ാമത് മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. രാജ്ഭവനിലെ (ലോക് ഭവൻ) പ്രത്യേക ചടങ്ങിലായിരിക്കും അദ്ദേഹം സത്യവാചകം ചൊല്ലുക. തലസ്ഥാന നഗരമായ ബെംഗളൂരുവിലെ കനത്ത ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് സത്യപ്രതിജ്ഞാ ചടങ്ങുകൾ വളരെ ലളിതമായി മാത്രമായിരിക്കും നടത്തുകയെന്ന് നിയുക്ത മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ബെംഗളൂരു നഗരത്തിലെ ജനജീവിതത്തെ ബാധിക്കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. “നഗരത്തിലെ കുഴപ്പങ്ങൾ ഒഴിവാക്കാനും സാധാരണക്കാരായ ജനങ്ങളെ സഹായിക്കാനുമാണ് ലോക് ഭവനിൽ ലളിതമായ രീതിയിൽ ചടങ്ങ് സംഘടിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചത്,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു പ്രവൃത്തി ദിവസമായതിനാൽ നഗരത്തിൽ യാതൊരുവിധ ഗതാഗത തടസ്സങ്ങളും ഉണ്ടാകാൻ പാർട്ടി ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പാർട്ടി പ്രവർത്തകരെയും അനുയായികളെയും തലസ്ഥാനത്തേക്ക് എത്തിക്കുന്നതിനായി ഇതിനകം തന്നെ 17,000-ത്തിലധികം വാഹനങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. ഇത്രയും വലിയ വാഹനവ്യൂഹം എത്തുന്നതിലൂടെയുണ്ടാകുന്ന വൻ ഗതാഗതക്കുരുക്കും പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകളും പോലീസ് ഉദ്യോഗസ്ഥർക്ക് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചടങ്ങുകൾ ലളിതമാക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.
