ബെംഗളൂരു: കർണാടകയുടെ ഇരുപത്തിയഞ്ചാമത് മുഖ്യമന്ത്രിയായി ഡി. കെ. ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ദില്ലിയിൽ നടന്ന നീണ്ട ചർച്ചകൾക്കൊടുവിലാണ് പുതിയ മന്ത്രിമാരുടെ പട്ടികയ്ക്ക് ഹൈക്കമാൻഡ് അംഗീകാരം നൽകിയത്. വൈകിട്ട് ലോക്ഭവനിൽ നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും. ചടങ്ങിലേക്ക് കേരള മുഖ്യമന്ത്രി വി. ഡി. സതീശനെയും ക്ഷണിച്ചിട്ടുണ്ട്. അതേസമയം, ഹൈക്കമാൻഡ് തീരുമാനത്തിന് വഴങ്ങി മുഖ്യമന്ത്രി പദം ഒഴിഞ്ഞ മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കോൺഗ്രസ് പ്രവർത്തകസമിതി (CWC) അംഗമായി നിയമിച്ചു.
മുഖ്യമന്ത്രിക്കൊപ്പം മലയാളികളായ കെ. ജെ. ജോർജ്, മുൻ സ്പീക്കർ യു. ടി. ഖാദർ എന്നിവരടക്കം 11 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര സിദ്ധരാമയ്യയും പുതിയ മന്ത്രിസഭയിലുണ്ട്. സിദ്ധരാമയ്യയുടെ വിശ്വസ്തരായ ജി. പരമേശ്വര, സതീഷ് ജാർക്കിഹോളി എന്നിവർക്ക് പുറമെ പ്രിയങ്ക് ഖർഗെ, എം. ബി. പാട്ടീൽ, ഈശ്വർ ഖന്ദ്രേ, രാമലിംഗ റെഡ്ഡി, ശിവരാജ് തങ്കടഗി, രൂപകലാ ശശിധർ എന്നിവരാണ് ദില്ലിയിൽ നിന്ന് അംഗീകാരം ലഭിച്ച മറ്റ് മന്ത്രിമാർ. എന്നാൽ, സമീപകാലത്തുണ്ടായ ശബ്ദ വിവാദത്തിൽ പെട്ട മുൻ മന്ത്രി സമീർ അഹമ്മദിനെയും, ഡി. കെ. ശിവകുമാറിന്റെ വിശ്വസ്തനായ മലയാളി നേതാവ് എൻ. എ. ഹാരിസിനെയും ആദ്യഘട്ട മന്ത്രിമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
