തിരുവനന്തപുരം: സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഇഡി അന്വേഷണത്തിൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമൻസ് അയച്ചു. ഈ മാസം 29-ാം തീയതി ഹാജരാകാനാണ് നിർദ്ദേശം. കേസുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) ശേഖരിച്ച രേഖകൾ ഇനിയും ഇഡിക്ക് ലഭ്യമായിട്ടില്ല. ഈ രേഖകൾ കൈമാറാൻ കോടതി അനുവദിച്ച 10 ദിവസത്തെ സമയപരിധി കഴിഞ്ഞ ബുധനാഴ്ച അവസാനിച്ചിരുന്നു. ആവശ്യമുള്ള 134 സുപ്രധാന രേഖകൾക്കായി എസ്എഫ്ഐഒ അന്വേഷണ സംഘവുമായി ഇഡി ഉടൻ ചർച്ച നടത്തും.
എസ്എഫ്ഐഒയിൽ നിന്നുള്ള രേഖകൾ ലഭിച്ച ശേഷം മാത്രമേ വീണയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിക്കൂ എന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും, ഇപ്പോൾ പുതിയ സമൻസ് അയച്ചിരിക്കുകയാണ്. നിലവിൽ താൽകാലിക കണ്ടുകെട്ടൽ നടപടികൾക്കുള്ള തെളിവ് ശേഖരണമാണ് ഇഡി നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും 242 ബാങ്ക് അക്കൗണ്ടുകളിലായി 18 കോടി രൂപ ഇഡി മരവിപ്പിച്ചിട്ടുണ്ട്. ഇതിൽ വീണ വിജയന്റെ രണ്ടും, എക്‌സാലോജിക്കിന്റെ ഒന്നും അക്കൗണ്ടുകൾ ഉൾപ്പെടുന്നു.
അതേസമയം, തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി ബാങ്ക് ശാഖയിലുള്ള വീണയുടെ ബാങ്ക് ലോക്കർ ഇഡി പരിശോധിച്ചെങ്കിലും, സിഎംആർഎല്ലുമായുള്ള ഇടപാടുകൾ തെളിയിക്കുന്ന രേഖകളൊന്നും അവിടെനിന്ന് കണ്ടെത്താനായില്ലെന്നാണ് സൂചന. അന്വേഷണ ഏജൻസിയിൽ നിന്ന് എന്തെങ്കിലും സുപ്രധാന വിവരങ്ങൾ വീണ മറച്ചുവെച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു ഈ ലോക്കർ പരിശോധന നടത്തിയത്.
