കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയവക്കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടിൽ കൊച്ചി ലേക് ഷോർ ആശുപത്രിയിലെ ഡോക്ടർമാരിലേക്കും അന്വേഷണം വ്യാപിപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റ് ഡോ. മുഹമ്മദ് ഇഖ്ബാലിനെ ഇഡി ചോദ്യം ചെയ്തു. നിയമവിരുദ്ധമായി നടത്തിയ അവയവ ശസ്ത്രക്രിയകൾക്ക് ഡോക്ടർമാർക്ക് വൻതുക കമ്മീഷൻ ലഭിച്ചിട്ടുണ്ടോ എന്നാണ് കേന്ദ്ര ഏജൻസി പ്രധാനമായും പരിശോധിക്കുന്നത്. സംശയനിഴലിലുള്ള ഡോക്ടർമാരുടെ ബാങ്ക് അക്കൗണ്ടുകളും ആസ്തിവിവരങ്ങളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് ലേക് ഷോർ ആശുപത്രി മാനേജിംഗ് ഡയറക്ടർ (എംഡി) എസ്.കെ. അബ്ദുല്ലയെ കഴിഞ്ഞദിവസം ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഡോക്ടർമാരിലേക്കും അന്വേഷണം നീണ്ടത്. കൊച്ചിയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളായ ലേക് ഷോർ, മെഡിക്കൽ ട്രസ്റ്റ് ഉൾപ്പെടെ ആറോളം കേന്ദ്രങ്ങളിൽ ഇഡി കഴിഞ്ഞ ദിവസം വ്യാപക പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തെ സാമ്പത്തിക ഇടപാടുകളുടെ രേഖകളാണ് ഇഡി പരിശോധിക്കുന്നത്.മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ വൻ മാഫിയകേരളത്തിലെ ആറ് പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത വ്യാജരേഖാ അവയവക്കച്ചവട കേസുകളെ അടിസ്ഥാനമാക്കിയാണ് ഇഡി കള്ളപ്പണ നിരോധന നിയമപ്രകാരം അന്വേഷണം നടത്തുന്നത്.
മെഡിക്കൽ ടൂറിസത്തിന്റെ മറവിലാണ് കേരളത്തിനകത്തും പുറത്തുമുള്ള വൻ മാഫിയ സംഘം ഈ നിയമവിരുദ്ധ അവയവക്കച്ചവടം നടത്തിവന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ള ആളുകളെ കണ്ടെത്തി ചെറിയ തുക നൽകി ഇവരിൽ നിന്ന് അവയവ കൈമാറ്റം ഉറപ്പിക്കുകയും, പിന്നീട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന വലിയ സാമ്പത്തിക ശേഷിയുള്ള രോഗികൾക്ക് ലക്ഷങ്ങൾ വാങ്ങി ഇവ മറിച്ചു നൽകുകയുമായിരുന്നു ഈ സംഘത്തിന്റെ രീതി.
ആലപ്പുഴ റൂറൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ മുഖ്യപ്രതി നജീബാണ് ഈ ഇടനിലക്കാരെയെല്ലാം ഏകോപിപ്പിച്ചിരുന്നത്. ഓരോ വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷവും നജീബിന് സ്വകാര്യ ആശുപത്രികളിൽ നിന്ന് വൻ തുക കമ്മീഷനായി ലഭിച്ചിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തൽ. വരും ദിവസങ്ങളിൽ കൂടുതൽ ആളുകളിലേക്ക് അന്വേഷണം നീളുമെന്നാണ് സൂചന.
