മാസപ്പടി കേസ്: സിഎംആർഎല്ലിന്റെ അപ്പീൽ ഹൈക്കോടതി തള്ളി; ഇഡി അന്വേഷണം തുടരും

കൊച്ചി: മാസപ്പടി കേസിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡിന് (സിഎംആർഎൽ) കനത്ത തിരിച്ചടി. ഇഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് കമ്പനി എംഡി ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇതോടെ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അന്വേഷണവുമായി മുന്നോട്ട് പോകാം. സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിനായി ഹൈക്കോടതി ഉത്തരവ് രണ്ട് ആഴ്ചത്തേക്ക് സ്റ്റേ ചെയ്യണമെന്ന സിഎംആർഎൽ അഭിഭാഷകന്റെ ആവശ്യവും കോടതി നിരാകരിച്ചു.​

ഇസിഐആർ (ECIR) രജിസ്റ്റർ ചെയ്യാതെ ഇഡിക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന സിഎംആർഎല്ലിന്റെ വാദം നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജൻസിയുടെ ഈ അന്വേഷണം തങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു കമ്പനിയുടെ പ്രധാന വാദം. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക ഉത്തരവ് പുറത്തുവന്നത്.​

നേരത്തെ സിംഗിൾ ബെഞ്ചിൽ നിന്നും സമാനമായ തിരിച്ചടിയാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. ഇഡി അന്വേഷണം തുടരാമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ, മേൽക്കോടതിയിൽ അപ്പീൽ പോകാൻ സമയം അനുവദിക്കണമെന്നും അന്വേഷണം തടയണമെന്നും സിഎംആർഎൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്നും കോടതി ഈ ആവശ്യം അംഗീകരിച്ചില്ലെന്ന് മാത്രമല്ല, ഇഡിക്ക് റെയ്ഡുമായി മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ വീട് ഉൾപ്പെടെ പന്ത്രണ്ടോളം സ്ഥലങ്ങളിൽ ഇഡി വ്യാപക പരിശോധന നടത്തിയത്.