കെ അണ്ണാമലൈ ബിജെപിയിൽ നിന്ന് രാജിവച്ചു: പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് സൂചന

പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായി നിലനിൽക്കുന്നതിനിടെ, തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവച്ചു. മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ കൂടിയായ അദ്ദേഹത്തിന്റെ അടുത്ത നീക്കത്തെക്കുറിച്ച് ആഴ്ചകളായി നിലനിന്നിരുന്ന അനിശ്ചിതത്വങ്ങൾക്കാണ് ഇതോടെ വിരാമമായിരിക്കുന്നത്. ബിജെപി സംസ്ഥാന ചുമതലയുള്ള നിതിൻ നബിൻ അണ്ണാമലൈയുടെ രാജി സ്വീകരിച്ചതായി അറിയിച്ചു.​

തന്റെ തീരുമാനം പുനഃപരിശോധിക്കാൻ ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ തുടർച്ചയായി സമ്മർദ്ദം ചെലുത്തിയിട്ടും അണ്ണാമലൈ രാജിയുമായി മുന്നോട്ട് പോകുകയായിരുന്നു. തമിഴ്‌നാട് ബിജെപി മുൻ മേധാവിയെ പാർട്ടിയിൽ നിലനിർത്താൻ അവസാന നിമിഷം വരെ സാധിക്കുമെന്ന് മുതിർന്ന നേതാക്കൾ പ്രതീക്ഷിച്ചിരുന്നതായി പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.