മെസ്സി-അർജന്റീന ടീം വിവാദം: സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘത്തെ പ്രഖ്യാപിച്ച് കേരള സർക്കാർ

തിരുവനന്തപുരം: ലയണൽ മെസി ഉൾപ്പെടുന്ന അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലെത്തിക്കുമെന്ന പ്രഖ്യാപനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സമഗ്ര അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ശുപാർശ നൽകുകയും ഇതുമായി ബന്ധപ്പെട്ട ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറുകയും ചെയ്തു. ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായിരിക്കും അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുക. പദ്ധതിയുടെ ആരംഭം മുതലുള്ള മുഴുവൻ നടപടിക്രമങ്ങളും വിശദമായി പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.​

വിഷയത്തിൽ റിപ്പോർട്ടർ കമ്പനിയെ സ്പോൺസറായി തിരഞ്ഞെടുത്തതിലെ സുതാര്യതയില്ലായ്മയും, സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട നീക്കങ്ങൾ നടന്നിട്ടുണ്ടോ എന്ന കാര്യവും സംഘം അന്വേഷിക്കും. ഇതിനുപുറമേ, പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ ഉറവിടം, സ്റ്റേഡിയം കൈമാറ്റത്തിൽ സർക്കാർ അനുമതിയും ഉത്തരവുകളും നൽകിയതിന് പിന്നിലെ സാഹചര്യങ്ങൾ എന്നിവയും അന്വേഷണ പരിധിയിൽ ഉൾപ്പെടും. മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടത്തിയ വിദേശ സന്ദർശനങ്ങൾ, ഒപ്പുവെച്ച കരാറുകൾ, അതുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിക്കാൻ അന്വേഷണ സംഘത്തിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കും.