പാലക്കാട്: പുതുക്കോട് പഞ്ചായത്തിൽ വ്യാജ മാർക്ക് ലിസ്റ്റ് സമർപ്പിച്ച് താൽക്കാലിക ജോലി നേടിയ മുൻ ഡിവൈഎഫ്ഐ നേതാവ് കെ.വി. ഗണപതിക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റായി അഞ്ച് വർഷത്തോളമാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ബിരുദം പൂർത്തിയാക്കാതിരുന്ന ഗണപതി കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ ബി.കോം മാർക്ക് ലിസ്റ്റ് ഹാജരാക്കിയാണ് ഈ ജോലി കൈക്കലാക്കിയത്.
കരാർ കാലാവധി അവസാനിച്ചതിനെത്തുടർന്ന് പുതിയ പഞ്ചായത്ത് ഭരണസമിതി ഇയാളെ ജോലിയിൽ നിന്ന് നീക്കിയിരുന്നു. എന്നാൽ, വ്യാജ മാർക്ക് ലിസ്റ്റിന്റെ ബലത്തിൽ ഗണപതി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് സമ്പാദിച്ചു. തുടർന്ന് പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് മാർക്ക് ലിസ്റ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.
ഇതോടെ പഞ്ചായത്ത് സെക്രട്ടറി വടക്കഞ്ചേരി പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കേസെടുത്ത വിവരമറിഞ്ഞ ഗണപതി നിലവിൽ ഒളിവിലാണ്. അതേസമയം, വിഷയം വിവാദമായതോടെ ഗണപതിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം നേതൃത്വം വ്യക്തമാക്കി.
