കാലടി സർവകലാശാലയിൽ ഗവർണർ എത്തുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ: കർശന നിയന്ത്രണങ്ങളുമായി സർക്കുലർ

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നടക്കുന്ന ശങ്കരജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്കായി സർവകലാശാല കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ചടങ്ങിൽ മുഖ്യാതിഥിയായി എത്തുന്ന ഗവർണറുടെ സാന്നിധ്യത്തിൽ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങൾ സംബന്ധിച്ചാണ് പ്രത്യേക സർക്കുലർ ഇറക്കിയിരിക്കുന്നത്.​

ഗവർണർ വേദിയിലേക്ക് എത്തുമ്പോഴും ചടങ്ങു കഴിഞ്ഞ് മടങ്ങുമ്പോഴും സദസ്സിലുള്ളവർ നിർബന്ധമായും എഴുന്നേറ്റ് നിൽക്കണമെന്ന് സർക്കുലറിൽ നിർദ്ദേശിക്കുന്നു. പരിപാടിയിലുടനീളം മൊബൈൽ ഫോണുകൾ സൈലന്റ് മോഡിൽ സൂക്ഷിക്കണം. ഗവർണറുടെ പ്രസംഗത്തിനിടെ അനാവശ്യമായ ചലനങ്ങളോ തടസ്സങ്ങളോ ഉണ്ടാക്കാൻ പാടില്ലെന്നും, പ്രസംഗം അവസാനിക്കുമ്പോൾ സദസ്സ് കൈയടിക്കണമെന്നും നിർദ്ദേശമുണ്ട്. കൂടാതെ, ഗവർണർ ഹാൾ വിട്ടു പുറത്തുപോകുന്നത് വരെ ആരും തന്നെ ചടങ്ങിൽ നിന്ന് എഴുന്നേറ്റു പോകാൻ പാടില്ലെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി.