നാസിക് ടിസിഎസ് കേസ്: ഒന്നാം പ്രതിക്കെതിരെ എസ്‌സി, എസ്‌ടി നിയമപ്രകാരം കേസ്; നിദാ ഖാന്റെ കുടുംബം ആരോപണങ്ങൾ നിഷേധിച്ചു

നാസിക് ടിസിഎസ് കേസിലെ ഒന്നാം പ്രതി ഡാനിഷ് ഷെയ്ഖിനെതിരെ പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള (SC/ST Act) വകുപ്പുകൾ കൂടി പോലീസ് ചുമത്തി. പരാതി നൽകിയ യുവതി പട്ടിക വിഭാഗത്തിൽപ്പെട്ട വ്യക്തിയായതിനാലാണ് ഈ നടപടിയെന്ന് പോലീസ് വിശദീകരിക്കുന്നു. നിലവിൽ ലൈംഗികാതിക്രമം, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തപ്പെട്ട ഡാനിഷിനെതിരെ പുതിയ വകുപ്പ് കൂടി ചേർത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ഇതിനിടെ, ദേശീയ വനിതാ കമ്മീഷൻ നിയോഗിച്ച പ്രത്യേക സംഘം നാസിക്കിലെത്തി അന്വേഷണം ആരംഭിച്ചു.​

കേസിലെ മറ്റൊരു പ്രതിയായ നിദാ ഖാനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോലീസ് ഊർജിതമാക്കിയിരിക്കുകയാണ്. ഇതിനായി മുംബൈയിലെത്തിയ പ്രത്യേക അന്വേഷണ സംഘം നിദയുടെ താമസസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. അതേസമയം, നിദയ്‌ക്കെതിരെയുള്ള പരാതികൾ വ്യാജമാണെന്ന് അവരുടെ കുടുംബം ആരോപിച്ചു. നിദ കമ്പനിയിലെ എച്ച്.ആർ മാനേജരാണെന്ന പ്രചാരണം തെറ്റാണെന്നും അവർ ഒരു സാധാരണ ജീവനക്കാരി മാത്രമാണെന്നും കുടുംബവും ടിസിഎസ് അധികൃതരും വ്യക്തമാക്കി. നാസിക്കിലെ വിവാദ ആൾദൈവം അശോക് കരാട്ടിനെതിരെയുള്ള സ്ത്രീപീഡന പരാതികളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് പോലീസ് കള്ളക്കഥകൾ മെനയുന്നതെന്നും നിദയുടെ കുടുംബം കുറ്റപ്പെടുത്തി.