കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർത്ഥി നിഥിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സൈബർ ക്രൈം സംഘം നോയിഡയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളായ ഋഷികേശ് തിവാരി, പ്രശാന്ത് ഖേവാൾ, ഹരിയാന സ്വദേശി പ്രകാശ് ജയ് എന്നിവരെയാണ് ഉത്തർപ്രദേശ് പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. “ഇൻസ്റ്റന്റ് ഫണ്ട്സ്” എന്ന ലോൺ ആപ്പ് വഴി നിഥിൻ പണം കടം വാങ്ങിയെന്നും ഇത് തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ആപ്പുകാർ അധ്യാപകനെ ശല്യം ചെയ്തെന്നുമാണ് പോലീസ് പറയുന്നത്.
നിഥിൻ റഫറൻസായി നൽകിയിരുന്ന അധ്യാപകന്റെ ഫോണിലേക്ക് ആവർത്തിച്ച് കോളുകളും സന്ദേശങ്ങളും വരികയും പണം അടച്ചില്ലെങ്കിൽ ശല്യം തുടരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്. ഒരു നമ്പർ ബ്ലോക്ക് ചെയ്യുമ്പോൾ മറ്റ് നമ്പറുകളിൽ നിന്ന് പീഡനം തുടർന്നതോടെയാണ് അധ്യാപകൻ പോലീസിനെ സമീപിച്ചത്. എന്നാൽ, നിഥിന്റെ മരണത്തിന് ലോൺ ആപ്പുകളുമായി യാതൊരു ബന്ധവുമില്ലെന്ന് കുടുംബം അവകാശപ്പെട്ടു. നിലവിലെ പോലീസ് അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച കുടുംബം, മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു.
