പി.സി. ജോർജിനും മകനുമെതിരെ അതിരൂക്ഷ വിമർശനവുമായി പാലാ ബിഷപ്പ്; ‘സഭയെ അധിക്ഷേപിച്ചാൽ വെച്ചുപൊറുപ്പിക്കില്ല’

പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ അതിരൂക്ഷമായ വിമർശനവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് രംഗത്തെത്തി. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ സഭാ നേതൃത്വത്തെയും വൈദികരെയും അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുന്നത് അനുവദിക്കാനാവില്ലെന്നും, മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചുള്ള ഇത്തരം കടന്നാക്രമണങ്ങൾ സഭ വെച്ചുപൊറുപ്പിക്കില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. മെത്രാന്മാരും വൈദികരും എല്ലാക്കാലത്തും മിണ്ടാപ്രാണികളായിരിക്കുമെന്ന് ആരും കരുതേണ്ടെന്നും ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ലെന്നും അദ്ദേഹം കർശനമായ ഭാഷയിൽ ഓർമ്മിപ്പിച്ചു.​

സഭാ നേതാക്കളും വൈദികരും എല്ലാ സമയത്തും നിഷ്പക്ഷരായിരിക്കണമെന്ന് നിബന്ധന വെക്കാൻ ആർക്കും സാധിക്കില്ലെന്ന് ബിഷപ്പ് പറഞ്ഞു. ചാനലുകളിൽ കയ്യടി നേടുന്നതിന് വേണ്ടിയോ മറ്റു വ്യക്തിപരമായ താല്പര്യങ്ങൾക്കോ വേണ്ടി സമുദായ നേതാക്കളെ അവഹേളിക്കുന്ന ശൈലി ശരിയല്ല. അഭിപ്രായ പ്രകടനങ്ങൾ നടത്തുമ്പോൾ വിശ്വാസികളുടെ വികാരങ്ങളെ കൂടി മാനിക്കേണ്ടതുണ്ട്. ചാനൽ ഭാഷ ഉപയോഗിച്ച് സഭയുടെ അന്തസ്സ് കെടുത്താൻ ശ്രമിക്കുന്നവർ ആരായാലും അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.​

സമുദായ അംഗങ്ങൾ രാഷ്ട്രീയ നേതൃത്വത്തിലേക്ക് വരുന്നതിനെ സഭ എപ്പോഴും സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി മതനേതാക്കളെ മാന്യതയില്ലാതെ വിമർശിക്കുന്നത് ഒരിക്കലും നീതീകരിക്കാനാവില്ല. പി.സി. ജോർജും കുടുംബവും സഭയുമായി അസ്വാരസ്യങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ബിഷപ്പിന്റെ ഈ കടുത്ത പ്രതികരണം പുറത്തുവരുന്നത്.