തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ ദാരുണമായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പടക്ക നിർമാണശാലയിലുണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ച വാർത്ത അങ്ങേയറ്റം വേദനാജനകമാണെന്നും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം എക്സിൽ (ട്വിറ്റർ) കുറിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. അപകടത്തിൽ ഇതുവരെ 13 പേർ മരിച്ചതായാണ് സ്ഥിരീകരണം. നിലവിൽ 13 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ അഞ്ചുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. 70 ശതമാനത്തിലേറെ പൊള്ളലേറ്റ ഇവരിലൊരാൾ വെന്റിലേറ്റർ സഹായത്തിലാണ് കഴിയുന്നത്.
അപകടസമയത്ത് വെടിക്കെട്ട് പുരയിൽ നാൽപ്പതോളം തൊഴിലാളികൾ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പരിക്കേറ്റ പലരുടെയും ആരോഗ്യനില മോശമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും പ്രദേശത്ത് സജീവമായി നടന്നുവരികയാണ്.
