തൃശൂർ: ദേശമംഗലത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തച്ചോത്ത് വീട്ടിൽ സഫിയ (72) ആണ് മരിച്ചത്. തനിച്ച് താമസിക്കുന്നതിലെ ഭയം കാരണം രാത്രി കാലങ്ങളിൽ സമീപത്തെ വീടുകളിൽ പോയി ഉറങ്ങാറുള്ള സഫിയ, കഴിഞ്ഞ ദിവസം രാത്രി പതിവുപോലെ എത്താതിരുന്നതോടെയാണ് നാട്ടുകാർ അന്വേഷണം നടത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിനുള്ളിൽ സഫിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സഫിയ ധരിച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ കാണാതായത് മരണത്തിൽ ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. ആഭരണങ്ങൾ കവരാനായി നടത്തിയ ആസൂത്രിതമായ കൊലപാതകമാണിതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ ചെറുതുരുത്തി പോലീസ് വീടും പരിസരവും പരിശോധിച്ച് പ്രാഥമിക നടപടികൾ സ്വീകരിച്ചു.
മരണത്തിലെ ദുരൂഹത നീക്കാൻ ശാസ്ത്രീയമായ അന്വേഷണത്തിനാണ് പോലീസ് ഒരുങ്ങുന്നത്. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തും. പ്രതികളെ കണ്ടെത്താനായി പ്രദേശത്തെ സാഹചര്യങ്ങളും തെളിവുകളും പോലീസ് വിശദമായി ശേഖരിച്ചുവരികയാണ്.
