പൊലീസ് അസോസിയേഷൻ നേതാക്കളെ സ്ഥലംമാറ്റി ആഭ്യന്തരവകുപ്പ്; യൂണിഫോമില്ലാതെ സ്പെഷ്യൽ ബ്രാഞ്ചിൽ കഴിഞ്ഞവർ ഇനി ക്രമസമാധാന ചുമതലയിലേക്ക്

തിരുവനന്തപുരം: പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ നേതാക്കളെ കൂട്ടത്തോടെ സ്ഥലംമാറ്റിക്കൊണ്ട് സംസ്ഥാന പൊലീസിൽ വലിയ അഴിച്ചുപ്പണിക്ക് ആഭ്യന്തരവകുപ്പ് തുടക്കം കുറിച്ചു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും സ്ഥലംമാറ്റിക്കൊണ്ട് ഡിജിപി അടിയന്തര ഉത്തരവിറക്കി. കഴിഞ്ഞ 10 വർഷമായി യൂണിഫോം ധരിക്കാതെ സ്പെഷ്യൽ ബ്രാഞ്ചിൽ മാത്രം ജോലി നോക്കിയിരുന്ന പ്രമുഖ നേതാക്കളെയാണ് ഇപ്പോൾ ക്രമസമാധാന ചുമതലയുള്ള (Law and Order) തസ്തികകളിലേക്ക് മാറ്റിയിരിക്കുന്നത്.​

ഇടത് സംഘടനയുടെ പ്രമുഖ നേതാവും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റുമായ പ്രശാന്തിനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷാ ചുമതല കൂടി ഉൾപ്പെടുന്ന മ്യൂസിയം സ്റ്റേഷൻ ഹൗസ് ഓഫീസറായി (S.H.O) നിയമിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലമായി അദ്ദേഹം സ്പെഷ്യൽ ബ്രാഞ്ചിലായിരുന്നു സേവനമനുഷ്ഠിച്ചിരുന്നത്.​

അസോസിയേഷൻ ജനറൽ സെക്രട്ടറിയായ സി. ആർ. ബിജുവിനെ കൊച്ചി സിറ്റിയിലേക്കാണ് മാറ്റി നിയമിച്ചിരിക്കുന്നത്. ഇരുവരെയും ക്രമസമാധാന ചുമതലയിലേക്ക് അടിയന്തരമായി മാറ്റിക്കൊണ്ട് ഡിജിപി ഇന്ന് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ പൊലീസ് തലപ്പത്ത് നടക്കുന്ന വലിയ അഴിച്ചുപ്പണിയുടെ തുടക്കമായാണ് ഈ സ്ഥലംമാറ്റങ്ങളെ കണക്കാക്കുന്നത്.