ആലപ്പുഴ തോട്ടപ്പള്ളിയിൽ പോലീസ് വാഹനം ബൈക്കിലിടിച്ച് പ്ലസ് ടു വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി പരാതി. വണ്ടാനം സ്വദേശികളായ ആഷിക്കിനും സുഹൃത്ത് ഷിനാസിനുമാണ് പരിക്കേറ്റത്. കഴിഞ്ഞ 18-ാം തീയതി രാത്രിയായിരുന്നു സംഭവം. ഹരിപ്പാടുള്ള ഐസ്ക്രീം സ്റ്റാളിലെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. പോലീസ് വാഹനം ഇവരുടെ ബൈക്കിൽ മനഃപൂർവം ഇടിപ്പിച്ചു നിർത്തിയ ശേഷം പരിശോധന നടത്തിയെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.
മറ്റൊരു കേസിലെ പ്രതികളാണെന്ന് തെറ്റിദ്ധരിച്ചാണ് അമ്പലപ്പുഴ പോലീസ് തങ്ങളെ പിന്തുടർന്നെത്തിയതെന്ന് വിദ്യാർത്ഥികൾ പറയുന്നു. വാഹനം ഇടിപ്പിച്ചു നിർത്തിയതിന് പിന്നാലെ പോലീസ് മർദിച്ചതായും ഇവർ പരാതിപ്പെട്ടു. കാലിന് പരിക്കേറ്റ വിദ്യാർത്ഥികൾ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടികളുടെ കുടുംബം മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നൽകി.
എന്നാൽ, വിദ്യാർത്ഥികളുടെ ആരോപണങ്ങൾ അമ്പലപ്പുഴ പോലീസ് പൂർണമായും നിഷേധിച്ചു. വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് പോലീസ് വാഹനത്തിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. വിദ്യാർത്ഥികൾക്ക് കാര്യമായ പരിക്കുകളില്ലെന്നും അവർ ഉന്നയിക്കുന്ന മർദനമുൾപ്പെടെയുള്ള പരാതികൾ അടിസ്ഥാനരഹിതമാണെന്നും പോലീസ് വ്യക്തമാക്കി.
