നെട്ടയത്ത് ബിജെപി-സിപിഎം സംഘർഷം: ഡിവൈഎഫ്ഐ നേതാവിൻ്റെ വീടിന് നേരെ ആക്രമണശ്രമം; വട്ടിയൂർക്കാവിൽ പോലീസ് ലാത്തിച്ചാർജ്

തിരുവനന്തപുരം: നെട്ടയത്ത് ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് വട്ടിയൂർക്കാവ് മേഖലയിൽ സമാധാനാന്തരീക്ഷം തകർന്നു. ഞായറാഴ്ച രാത്രി തുടങ്ങിയ സംഘർഷം പുലർച്ചെ വരെ നീണ്ടുനിന്നു. പുലർച്ചെ ഒന്നരയോടെ നെട്ടയം ഡി.വൈ.എഫ്.ഐ. മേഖല ട്രഷററുടെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണശ്രമമുണ്ടായി. രണ്ട് ബൈക്കുകളിലായെത്തിയ മാരകായുധങ്ങളേന്തിയ മൂന്നംഗ സംഘം വീടിന്റെ ഗേറ്റിൽ തട്ടി ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.​

സംഭവങ്ങളുടെ തുടക്കം നെട്ടയം മലമുകളിലുണ്ടായ ഒരു തർക്കത്തെത്തുടർന്നാണ്. ബിജെപി പ്രവർത്തകന്റെ ഭാര്യ നൽകിയ പരാതിയാണ് വലിയ സംഘർഷത്തിലേക്ക് നയിച്ചത്. തന്റെ നേരെ ഒരാൾ നഗ്നതാ പ്രദർശനം നടത്തിയെന്നാരോപിച്ച് ഇവർ വട്ടിയൂർക്കാവ് പോലീസിനെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ പരാതിക്കാരിയുടെ ഭർത്താവിനെ സി.പി.എം പ്രവർത്തകരും നാട്ടുകാരും തടഞ്ഞുവെച്ചെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ സംഘടിച്ചതോടെ സ്ഥിതി വഷളായി. സ്ഥലത്തെത്തിയ പോലീസ് ഏകപക്ഷീയമായാണ് പെരുമാറുന്നതെന്ന് ആരോപിച്ച് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി.​

തുടർന്നുണ്ടായ കല്ലേറിലും കമ്പേറിലും ഒരു പോലീസുകാരന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതോടെ പോലീസ് ലാത്തിച്ചാർജ് നടത്തിയാണ് പ്രവർത്തകരെ പിരിച്ചുവിട്ടത്. ഇതിന് പിന്നാലെ ബി.ജെ.പി പ്രവർത്തകർ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഏറ്റുമുട്ടലിൽ നാല് ബി.ജെ.പി പ്രവർത്തകർക്ക് പരിക്കേറ്റതായും നേതാക്കൾ അറിയിച്ചു. പരിക്കേറ്റ പോലീസുകാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.​

എന്നാൽ, ഈ സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് സി.പി.എം വ്യക്തമാക്കുന്നത്. ഇത് ബന്ധുക്കൾ തമ്മിലുള്ള അതിർത്തി തർക്കമാണെന്നും ബി.ജെ.പി പ്രവർത്തകർ സംഘടിച്ചെത്തി ബോധപൂർവം അക്രമം അഴിച്ചുവിടുകയായിരുന്നു എന്നുമാണ് സി.പി.എം ആരോപിക്കുന്നത്. പ്രദേശത്ത് നിലവിൽ കൂടുതൽ പോലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.