തിരുവനന്തപുരം: സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടങ്ങളിൽ ഒന്നായ നോർത്ത് ഗേറ്റ് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തുറന്നു. കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് ഇന്നലെ ഗേറ്റ് തുറന്നത്. ഇവിടെ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ പ്രവർത്തകർ ഒരു വശത്തേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു. ജനകീയ സമരങ്ങളുടെ കേന്ദ്രമായതിനാൽ ‘സമര കവാടം’ എന്നാണ് ഈ ഗേറ്റ് അറിയപ്പെടുന്നത്.
ഒന്നാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഈ ഗേറ്റ് കുറച്ചുനാൾ തുറന്നിട്ടിരുന്നെങ്കിലും പിന്നീട് സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അടച്ചുപൂട്ടുകയായിരുന്നു. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ, സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകൾ ആവേശപൂർവ്വമാണ് ഇന്നലെ ഈ കവാടം ജനങ്ങൾക്കായി തുറന്നുകൊടുത്തത്.
കേരള ജനതയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചതിന്റെ തെളിവാണ് ഇന്നലത്തെ സത്യപ്രതിജ്ഞാ ചടങ്ങെന്ന് സംഘടനാ നേതാക്കൾ പ്രതികരിച്ചു. സെക്രട്ടേറിയറ്റിന്റെ കവാടങ്ങൾ കൊട്ടിയടച്ച് അതിനെ ഒരു ‘രാവണൻ കോട്ട’യാക്കി മാറ്റിയ മുൻ ഭരണാധികാരികളുടെ നടപടിയിൽ നിന്നും ജനങ്ങൾക്ക് മോചനം ലഭിച്ചെന്ന് പ്രഖ്യാപിക്കാനാണ് തങ്ങൾ ഗേറ്റ് തുറന്നതെന്നും അവർ വ്യക്തമാക്കി.
പൊതുജനങ്ങളെ അധികാരികളുടെ അടുത്തെത്താതെ തടയുക എന്ന ദുരുദ്ദേശത്തോടെയായിരുന്നു മുൻപ് കവാടങ്ങൾ അടച്ചിട്ടിരുന്നത്. എന്നാൽ പുതിയ യുഡിഎഫ് സർക്കാർ അങ്ങനെയായിരിക്കില്ലെന്നും എല്ലാവരെയും ഒരുമിച്ച് നിർത്തി, ജനങ്ങളോട് അനുഭാവപൂർവ്വം പെരുമാറുന്ന ഭരണകൂടമാണ് ഇപ്പോഴുള്ളതെന്നും നേതാക്കൾ പറഞ്ഞു. വൈകുന്നേരം മൂന്ന് മണിക്ക് ശേഷം ഈ ഗേറ്റിലൂടെയുള്ള പ്രവേശനം അനുവദിക്കുമെന്നും സംഘടനാ ഭാരവാഹികൾ കൂട്ടിച്ചേർത്തു.
