ദില്ലി: പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന മുൻ ഉത്തരവ് കർശനമായി നടപ്പാക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഇതിനെതിരെയുള്ള മൃഗസ്നേഹികളുടെ അപേക്ഷ കോടതി തള്ളി. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ (AWBI) പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തെ (SOP) ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരസിച്ചത്.
മൂന്ന് ഭാഗങ്ങളായാണ് കോടതി ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. രാജ്യത്ത് തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്നും വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള പൊതുയിടങ്ങളിൽ നിന്ന് അവയെ മാറ്റണമെന്നും കോടതി ഉത്തരവിട്ടു. കുട്ടികൾക്ക് നേരെ വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണങ്ങളെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് വ്യക്തമാക്കിയ കോടതി, രാജ്യത്തെ തെരുവുനായ ആക്രമണങ്ങളുടെ ആശങ്കാജനകമായ കണക്കുകളും വിധിയിൽ നിരത്തി.
സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വമാണ് തെരുവ്നായ ശല്യം ഇത്രയും ഭീകരമായ അവസ്ഥയിലേക്ക് എത്തിച്ചതെന്ന് കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. നിയമങ്ങൾ കൃത്യമായി നടപ്പാക്കുന്നതിൽ അധികൃതർ കാണിച്ചത് കടുത്ത അനാസ്ഥയാണ്. ആനിമൽ ബർത്ത് കൺട്രോൾ (ABC) ചട്ടങ്ങൾ നടപ്പാക്കുന്നതിലെ വീഴ്ചയാണ് നിലവിലെ ഭീതിയുളവാക്കുന്ന സാഹചര്യത്തിന് ഇടയാക്കിയതെന്നും കോടതി എടുത്തുപറഞ്ഞു.
പ്രശ്നപരിഹാരത്തിനായി ജില്ലാ തലങ്ങളിൽ പൂർണ്ണതോതിൽ പ്രവർത്തിക്കുന്ന ഒരു എബിസി (ABC) സെൻ്റർ എങ്കിലും ഉണ്ടായിരിക്കണമെന്നും, ആൻ്റി റാബിസ് വാക്സിൻ ലഭ്യത കർശനമായി ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. മനുഷ്യ ജീവന് ഭീഷണിയാകുന്ന തെരുവുനായ്ക്കളെ കൊലപ്പെടുത്താമെന്നും വിധിയിലുണ്ട്. ഈ സുപ്രീം കോടതി ഉത്തരവുകൾ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഹൈക്കോടതികളിൽ രണ്ടംഗ ബെഞ്ച് രൂപീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.
