പശ്ചിമ ബംഗാളിന്റെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നേതാവ് സുവേന്ദു അധികാരി ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ലക്ഷക്കണക്കിന് ജനങ്ങളെ സാക്ഷിയാക്കിയായിരുന്നു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ ദേശീയ നേതാക്കളുടെ സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. സുവേന്ദുവിനൊപ്പം അഞ്ച് മന്ത്രിമാരും ഈ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ബംഗാൾ ജനത വലിയ ആവേശത്തോടെയാണ് പുതിയ മുഖ്യമന്ത്രിയെ വരവേറ്റത്.
ബംഗാളിൽ ബിജെപിയുടെ പോരാട്ടവീര്യത്തിന്റെ മുഖമായാണ് സുവേന്ദു അധികാരി അറിയപ്പെടുന്നത്. മമത ബാനർജി തന്റെ മരുമകൻ അഭിഷേക് ബാനർജിയെ തൃണമൂൽ കോൺഗ്രസിൽ രണ്ടാമനായി ഉയർത്തിക്കൊണ്ടുവന്നതിൽ പ്രതിഷേധിച്ചാണ് സുവേന്ദു പാർട്ടി വിട്ടത്. തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തനശൈലിയും അടവുകളും കൃത്യമായി അറിയാവുന്ന അദ്ദേഹം, മമതയുടെ ബദ്ധവൈരി എന്ന നിലയിൽ മുഖ്യമന്ത്രി പദത്തിലെത്തുമ്പോൾ സംസ്ഥാനം വരുംദിവസങ്ങളിൽ നിർണ്ണായകമായ രാഷ്ട്രീയ മാറ്റങ്ങൾക്കും നാടകീയ സംഭവങ്ങൾക്കും സാക്ഷ്യം വഹിക്കുമെന്ന് ഉറപ്പാണ്.
കഴിഞ്ഞ അഞ്ച് വർഷമായി ബംഗാളിൽ ബിജെപിയുടെ കുന്തമുനയായി പ്രവർത്തിച്ച സുവേന്ദുവിന്റെ കരുത്തിലാണ് പാർട്ടി ചരിത്രവിജയം നേടിയത്. തൃണമൂലിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും തെരുവിലും അദ്ദേഹം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ദിലീപ് ഘോഷ് ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പാർട്ടിയിലുണ്ടായിട്ടും, ‘അടിക്ക് തിരിച്ചടി’ എന്ന തന്റെ തനതായ ശൈലിയിലൂടെയാണ് സുവേന്ദു അഞ്ചു വർഷം കൊണ്ട് പാർട്ടിയിൽ ഒന്നാമനായത്. നയിക്കാൻ കൃത്യമായൊരു മുഖമില്ലെന്ന ബിജെപിയുടെ ഇതര സംസ്ഥാനങ്ങളിലെ പ്രതിസന്ധിക്ക് സുവേന്ദുവിലൂടെ ബംഗാളിൽ പരിഹാരമാകുകയായിരുന്നു.
