കൊച്ചിയിലെ അവയവദാന റാക്കറ്റ്: എംപിയുടെയും മുൻ എംഎൽഎയുടെയും വ്യാജരേഖകൾ പിടിച്ചെടുത്തു

കൊച്ചിയിൽ വ്യാജരേഖകൾ ചമച്ച് അവയവക്കച്ചവടം നടത്തിവന്ന വൻ മാഫിയാ സംഘത്തെ പോലീസ് പിടികൂടി. എറണാകുളം പള്ളിക്കര കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഈ സംഘത്തിൽ വ്യാപാരി വ്യവസായ സമിതി നേതാവ് മുതൽ അഭിഭാഷകർ വരെ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി. എറണാകുളം എംപി ഹൈബി ഈഡൻ, ഉദുമ മുൻ എംഎൽഎ സി.എച്ച്. കുഞ്ഞമ്പു എന്നിവരുടെ പേരിൽ തയ്യാറാക്കിയ വ്യാജ ലെറ്റർ ഹെഡുകളും അഫിഡവിറ്റുകളും പ്രതികളിൽ നിന്ന് കണ്ടെടുത്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ പണം നൽകി പ്രലോഭിപ്പിച്ചാണ് സംഘം വലയിലാക്കിയിരുന്നത്.

​കേസിലെ മുഖ്യ ഏജന്റായ നജീബ്, ഭാര്യ റഷീദ, കുന്നത്തുനാട് സ്വദേശി സണ്ണി വർഗീസ്, ഭാര്യ സിനി, കടയിലെ ജീവനക്കാരൻ ആസിഫ് എന്നിവരെയാണ് നിലവിൽ അറസ്റ്റ് ചെയ്തത്. സണ്ണി വർഗീസിന്റെ ഉടമസ്ഥതയിലുള്ള ‘സൺ കമ്മ്യൂണിക്കേഷൻസ്’ എന്ന സ്ഥാപനത്തിലാണ് വ്യാജരേഖകൾ നിർമ്മിച്ചിരുന്നത്. കുന്നത്തുനാട് മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കൂടിയായ സണ്ണിയുടെ കടയിൽ നടത്തിയ റെയ്ഡിൽ വിവിധ ഡോക്ടർമാരുടെ സീലുകളും ബ്ലാങ്ക് പേപ്പറുകളും പോലീസ് കണ്ടെടുത്തു.​

കഴിഞ്ഞ മൂന്ന് വർഷമായി സജീവമായ ഈ റാക്കറ്റിലെ വിവരങ്ങൾ ഒന്നാം പ്രതി നജീബിന്റെ ഭാര്യ റഷീദയാണ് പോലീസിനോട് വെളിപ്പെടുത്തിയത്. അവയവ കൈമാറ്റത്തിന് ആവശ്യമായ നിയമപരമായ നൂലാമാലകൾ ഒഴിവാക്കാനാണ് ജനപ്രതിനിധികളുടെയും ഡോക്ടർമാരുടെയുമെല്ലാം പേരിൽ ഇവർ വ്യാജരേഖകൾ നിർമ്മിച്ചിരുന്നത്. പിടിയിലായവർക്ക് പുറമെ വലിയൊരു ശൃംഖല തന്നെ ഈ തട്ടിപ്പിന് പിന്നിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.