തൃശ്ശൂരിൽ പടക്ക നിർമ്മാണ ശാലയിൽ ഉഗ്രസ്ഫോടനം: ആറ് മരണം, നിരവധി പേർക്ക് ഗുരുതര പരിക്ക്

തൃശ്ശൂർ മുണ്ടത്തിക്കോടുള്ള പടക്ക നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ പടക്കങ്ങൾ നിർമ്മിച്ചിരുന്ന സാമ്പിൾ പുരയിലാണ് വൈകിട്ട് മൂന്നരയോടെ അപകടം സംഭവിച്ചത്. നിലവിൽ ആറ് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റ 18 പേരെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു, ഇതിൽ പത്തുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.​

അഞ്ച് താത്ക്കാലിക പുരകളിലായി നടന്ന പടക്ക നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനം അഞ്ചിടത്തേക്കും പടരുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ പലരുടെയും ശരീരഭാഗങ്ങൾ ദൂരെയുള്ള പാടങ്ങളിൽ നിന്നുമാണ് കണ്ടെടുത്തത്. പടക്ക നിർമ്മാണ ശാലയിൽ കൃത്യം എത്ര പേർ ജോലി ചെയ്തിരുന്നു എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. പലരും ചിതറിത്തെറിച്ചതായാണ് പ്രാഥമിക നിഗമനം.​

പ്രദേശത്ത് ഇപ്പോഴും സ്ഫോടനങ്ങൾ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. അന്തരീക്ഷത്തിൽ പുക നിറഞ്ഞതും സ്ഫോടന വസ്തുക്കൾ പൂർണ്ണമായും നിർവീര്യമാക്കാൻ സാധിക്കാത്തതും രക്ഷാദൗത്യം ദുഷ്കരമാക്കുന്നു. ഫയർഫോഴ്സും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിച്ചുവരികയാണ്.