കാസർകോട്: കേരളത്തിൽ യുവാക്കൾക്കിടയിൽ എച്ച്ഐവി ബാധിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. 15നും 24നും ഇടയിൽ പ്രായമുള്ളവരിൽ MSM (പുരുഷന്മാരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പുരുഷന്മാർ) വിഭാഗത്തിൽ എച്ച്ഐവി ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുന്നതായാണ് പഠനം വ്യക്തമാക്കുന്നത്.
2025–26 സാമ്പത്തിക വർഷത്തിൽ റിപ്പോർട്ട് ചെയ്ത പുതിയ എച്ച്ഐവി കേസുകളിൽ 29 ശതമാനം MSM വിഭാഗത്തിൽപ്പെട്ടവരായിരുന്നു. എന്നാൽ 2026 സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസങ്ങളിൽ തന്നെ ഈ നിരക്ക് 31 ശതമാനമായി ഉയർന്നു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഡേറ്റിംഗ് ആപ്പുകളും വഴി പരിചയപ്പെടുന്നവരുമായി സുരക്ഷിതമല്ലാത്ത ലൈംഗികബന്ധങ്ങളിൽ ഏർപ്പെടുന്നത് യുവാക്കൾക്കിടയിലെ എച്ച്ഐവി വ്യാപനത്തിന് കാരണമാകുന്നതായി റിപ്പോർട്ടിൽ പറയുന്നു. യുവാക്കൾക്കിടയിൽ എച്ച്ഐവി പ്രതിരോധം, സുരക്ഷിതമായ ലൈംഗിക പെരുമാറ്റം, കൃത്യമായ പരിശോധന എന്നിവയെക്കുറിച്ചുള്ള ബോധവത്കരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകതയും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
