അമേരിക്ക ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചതായി ആദ്യമായി സ്ഥിരീകരിച്ചു

വാഷിങ്ടൺ: അമേരിക്ക ബഹിരാകാശത്ത് ‘ഓൺ-ഓർബിറ്റ് സ്പേസ് കൺട്രോൾ വെപ്പൺസ്’ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. അമേരിക്കൻ വ്യോമസേനാ സെക്രട്ടറി ട്രോയ് മെയിങ്കാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മേരിലാൻഡിലെ നാഷണൽ ഹാർബറിൽ നടന്ന Air, Space & Cyber Conference-ലായിരുന്നു പ്രഖ്യാപനം.

യുഎസ് സൈന്യത്തെ ശത്രുപക്ഷത്തിന്റെ ബഹിരാകാശ മേഖലയിലെ ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് ഈ സംവിധാനങ്ങൾ വിന്യസിച്ചതെന്നാണ് മെയിങ്കിന്റെ വിശദീകരണം. എന്നാൽ ഏത് തരത്തിലുള്ള ആയുധങ്ങളാണ് ഉപയോഗിക്കുന്നത്, എത്ര എണ്ണം ഭ്രമണപഥത്തിലുണ്ട്, എപ്പോഴാണ് വിന്യസിച്ചതെന്നതടക്കമുള്ള വിവരങ്ങൾ അമേരിക്ക പുറത്തുവിട്ടിട്ടില്ല.

ബഹിരാകാശ മേഖലയിൽ റഷ്യയും ചൈനയും സ്വന്തം സൈനിക ശേഷികൾ വികസിപ്പിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയുടെ പുതിയ പ്രഖ്യാപനം. ഉപഗ്രഹ ആശയവിനിമയം ഉൾപ്പെടെയുള്ള നിർണായക സൈനിക, സാമ്പത്തിക സംവിധാനങ്ങൾ ബഹിരാകാശ അടിസ്ഥാനസൗകര്യങ്ങളെ ആശ്രയിക്കുന്നതിനാൽ, അവ സംരക്ഷിക്കുന്നത് ദേശീയ സുരക്ഷയുടെ പ്രധാന ഘടകമാണെന്നാണ് അമേരിക്കയുടെ നിലപാട്.

ആയുധങ്ങളുടെ സ്വഭാവം വ്യക്തമാക്കാതിരുന്നതോടെ ഇവ കൈനറ്റിക് ആയുധങ്ങളാണോ, ഉപഗ്രഹങ്ങളെ തടസ്സപ്പെടുത്തുന്ന നോൺ-കൈനറ്റിക് സംവിധാനങ്ങളാണോ എന്നതിൽ വ്യക്തതയില്ല. ബഹിരാകാശത്തെ സൈനികവൽക്കരണം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായാണ് വിദഗ്ധർ ഈ നീക്കത്തെ വിലയിരുത്തുന്നത്.